0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് നീളുന്നു. ഇതോടെ സര്‍വകലാശാലയില്‍ നാമനിര്‍ദേശ സിന്‍ഡിക്കേറ്റ് തന്നെ ഭരണം തുടരാനുള്ള സാധ്യതയേറി. നിലവിലെ നാമനിര്‍ദേശ സിന്‍ഡിക്കേറ്റിന്റെ കാലാവധി അവസാനിക്കാന്‍ ഒരു മാസം പോലുമില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാത്ത സാഹചര്യത്തില്‍ സെനറ്റ് തിരഞ്ഞെടുപ്പ് നടന്ന് പുതിയ സിന്‍ഡിക്കേറ്റിനെ തിരഞ്ഞെടുക്കാന്‍ വേഗത്തില്‍ സാധിക്കില്ല.

ഒരുവര്‍ഷത്തേക്കാണ് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നാമനിര്‍ദേശ സിന്‍ഡിക്കേറ്റിനെ നിയമിച്ചത്. ഈ കാലാവധി സപ്തംബര്‍ 21ന് അവസാനിക്കും. അതിനുമുമ്പ് തിരഞ്ഞെടുപ്പ് നടത്തി പുതിയ സിന്‍ഡിക്കേറ്റിനെ തിരഞ്ഞെടുക്കുകയാണ് പതിവ്.

സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിക്കൊണ്ട് വൈസ്ചാന്‍സലര്‍ക്ക് മുഴുവന്‍ അധികാരങ്ങളും നല്‍കാനും നിയമ പ്രകാരം കഴിയും. എന്നാല്‍ അടിക്കടിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ക്ക് മുഴുവന്‍ അധികാരവും നല്‍കാന്‍ സര്‍ക്കാറും യു.ഡി.എഫ് നേതൃത്വവും തയ്യാറല്ല. പുതിയ നാമനിര്‍ദേശ സിന്‍ഡിക്കേറ്റിനെ നിയമിച്ച് ഒരു വര്‍ഷംകൂടി സര്‍വകലാശാലാ ഭരണം കൈയ്യാളാനാണ് യു.ഡി.എഫ് കക്ഷികളുടെ നീക്കം.

എം.എല്‍.എമാര്‍, സര്‍വകലാശാലാ അധ്യാപകര്‍, ഗവ. കോളേജ് അധ്യാപകര്‍, പ്രൈവറ്റ് കോളേജ് അധ്യാപകര്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രജിസ്‌ട്രേഡ് ട്രേഡ് യൂണിയന്‍ അംഗങ്ങള്‍, സര്‍വകലാശാലാ അനധ്യാപകര്‍, അഫിലിയേറ്റഡ് കോളേജ് അനധ്യാപകര്‍, പ്രൈവറ്റ് കോളേജ് മാനേജര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതില്‍ എം.എല്‍.എമാരുടെ പ്രതിനിധികളായി ആറ് പേരെ തിരഞ്ഞെടുത്ത് കഴിഞ്ഞു. മറ്റ് വിഭാഗങ്ങളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇനിയും ആയിട്ടില്ല. സെനറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകാന്‍ വിജ്ഞാപനം വന്ന് ചുരുങ്ങിയത് മൂന്നുമാസമെങ്കിലും വേണ്ടിവരും.

Post a Comment

 
Top