അങ്ങാടിപ്പുറം: മനുഷ്യന്റെ പച്ചയായ ജീവിതാനുഭവങ്ങള്‍ രചനയിലും സൃഷ്ടിയിലും കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു നന്തനാരെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. നന്തനാരുടെ ജന്മദേശത്ത് അദ്ദേഹം പഠിച്ച അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി തുടങ്ങുന്ന നന്തനാര്‍ പഠനകേന്ദ്രത്തിന്റെയും നന്തനാര്‍ പ്രൈസ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിശപ്പിന്റെയും കണ്ണീരിന്റെയും അനുഭവ സാക്ഷ്യങ്ങളിലൂടെ മലയാള കഥാപ്രസ്ഥാനത്തിന് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു നന്തനാര്‍. എഴുത്തിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്തി. മനുഷ്യന്റെ വിശപ്പ്, ദാരിദ്ര്യം, ആഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പച്ചയായി എഴുതി. കേശവദേവ്, തകഴി, ബഷീര്‍, കെ.ടി എന്നിവരുടെ എഴുത്തിലും വിശപ്പിന്റെ വേദനയായിരുന്നു മുഴച്ചു നിന്നിരുന്നത്.

നന്തനാര്‍ കൃതികള്‍ വായിക്കുമ്പോള്‍ മനുഷ്യന്റെ ജീവതാനുഭവങ്ങള്‍ അറിയുക മാത്രമല്ല നമ്മള്‍ ആ അനുഭവങ്ങളുടെ ഭാഗമാകുകയാണ് ചെയ്യുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിനാലാണ് നന്തനാര്‍ ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത്. എഴുത്തിലെ വ്യത്യസ്തതയായിരുന്നു നന്തനാരുടെ പ്രത്യേകത. അദ്ദേഹത്തിന്റെ പട്ടാളക്കഥകള്‍ അതിന് ഉദാഹരണമാണ്. കോവിലനും പട്ടാളക്കഥകള്‍ എഴുതിയെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു നന്തനാരുടെ കൃതികള്‍. അനുഭവങ്ങളിലെ വ്യത്യസ്തതയാകാം ഇതിനു കാരണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

നന്തനാരെ കൃതികളിലൂടെ വായിച്ചറിയുമ്പോഴും തന്റെ മനസ്സിനെ അലട്ടിയിരുന്നത് അദ്ദേഹം എന്തിന് ആത്മഹത്യചെയ്തു എന്നതാണ്. ലോക സാഹിത്യത്തിലും ഇത്തരം സമാനമായ സംഭവങ്ങള്‍ കാണാന്‍ കഴിയും. പലര്‍ക്കും പലകാരണങ്ങളാണ് ജീവിതമവസാനിപ്പിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ നന്തനാര്‍ എന്തിന് ആത്മഹത്യ ചെയ്തുവെന്നത് താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ കഷ്ടപ്പാടുകളും അനുഭവങ്ങളും പച്ചയായ വാക്കുകളിലൂടെ പറഞ്ഞ നന്തനാരുടെ കൃതികള്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോഴും ഓര്‍മിക്കപ്പെടുന്നതിനും വായിക്കപ്പെടുന്നതിനും കാരണം- വീരേന്ദ്രകുമാര്‍ പറഞ്ഞു.

സ്‌കൂള്‍ ലൈബ്രറി ഒരുക്കിയ ബാലചന്ദ്രന്‍ ഓര്‍മ പുരസ്‌കാരം സ്‌കൂള്‍ വിദ്യാര്‍ഥിനി മായ പി.എസ്സിനും പൂര്‍വവിദ്യാര്‍ഥി സുരേഷ്‌കുമാര്‍ സ്മാരക പുരസ്‌കാരം മീര കെ.പിക്കും വീരേന്ദ്രകുമാര്‍ സമ്മാനിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സി. വാസുദേവന്‍ നന്തനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. പ്രൊഫ. പാലക്കീഴ് നാരായണന്‍, ഡോ. എന്‍.പി. വിജയകൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍ വി.കെ. വേണുഗോപാല്‍, അുപ്പുണ്ണി, ഹുസൈന്‍, കൃഷ്ണകുമാര്‍, സുധാകരന്‍, പാലക്കീഴ് അനിയന്‍ എന്നിവര്‍ പങ്കെടുത്തു. എം.കെ. സതീശന്‍ സ്വാഗതവും ബി. അഭിലാഷ് നന്ദിയും പറഞ്ഞു.
 
Top