
മലപ്പുറം: പരിമിതികള്‍ വെല്ലുവിളികളാകാതെ അവരെല്ലാം മത്സരിച്ചു. പുതിയ വേഗവും ദൂരവും കുറിച്ച് കായിക മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ലോക വികലാംഗദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക നീതിവകുപ്പിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കായികമത്സരങ്ങള്‍ സംഘടിപ്പിച്ചത്. 800-ലധികം കുട്ടികളാണ് മത്സരങ്ങളില്‍ പങ്കാളികളായത്. ഓട്ടം, ചാട്ടം, ക്രിക്കറ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട് തുടങ്ങിയവയില്‍ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു.
ശ്രവണ വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ കാരുണ്യഭവന്‍ വാഴക്കാടും കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് വള്ളിക്കാപ്പറ്റയും മാനസികവെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ എ.ഡബ്യു.എച്ച് സ്‌പെഷല്‍ സ്‌കൂള്‍ കോട്ടയ്ക്കലും ചാമ്പ്യന്മാരായി.
കായികമത്സരങ്ങള്‍ പി. ഉബൈദുള്ള എം.എ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു അധ്യക്ഷതവഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.എ. റസാഖ് വിതരണം ചെയ്തു.