എടപ്പാള്‍: അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവേശനസമയത്ത് കുട്ടികളുടെ നേത്രപരിശോധന നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

ഇന്ത്യന്‍ ഒപ്‌റ്റോമെട്രിസ്റ്റ് അസോസിയേഷന്റെയും കേരള ഗവ. ഒപ്‌റ്റോമെട്രിസ്റ്റ് യൂണിയന്റെയും ആറാമത് സംസ്ഥാനസമ്മേളനം എടപ്പാള്‍ റൈഹാനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കണ്ണിന് കാഴ്ചയുണ്ടെങ്കിലും മറ്റേ കണ്ണിന് കുഴപ്പമില്ലെങ്കില്‍ അതറിയാനാകില്ല. ഈ സാഹചര്യത്തില്‍ കാഴ്ചപരിശോധന കര്‍ശനമാക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഇതിനായി ഒപ്‌റ്റോമെട്രിസ്റ്റുകളുടെ സഹകരണവും ഉറപ്പാക്കും.

ഒപ്‌റ്റോമെട്രി മേഖലയില്‍ നടക്കുന്ന ഡിപ്ലോമ കോഴ്‌സുകള്‍ മുഴുവന്‍ ഡിഗ്രി കോഴ്‌സുകളാക്കി മാറ്റാന്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഐ.ഒ.എ സംസ്ഥാന പ്രസിഡന്റ് അനില്‍ ജെ. എടൈക്കോട് അധ്യക്ഷതവഹിച്ചു. എസ്. ജയകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക, വട്ടംകുളം ശങ്കുണ്ണി, എം. വെങ്കടേഷ്, എം.പി. സലീം, പി. അജീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച പ്രതിനിധി സമ്മേളനം, സെമിനാര്‍ എന്നിവ നടക്കും.
 
Top