മലപ്പുറം: സംസ്ഥാനത്ത് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എട്ടുലക്ഷം വിദ്യാര്‍ഥികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്ക് പുറത്ത്. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും മിടുക്കരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനുമായി കോടികള്‍ ചെലവഴിക്കുമ്പോഴും അതിന്റെയൊന്നും ഗുണമോ സഹായമോ പാരലല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്നില്ല. പ്ലസ് വണ്‍ ഏകജാലക സംവിധാനം വന്നതോടെ പ്രവേശനം കിട്ടാത്തതിനാലും സമീപ സ്‌കൂളുകളില്‍ അവസരം ലഭിക്കാത്തതുംകൊണ്ട് ഉയര്‍ന്ന മാര്‍ക്ക് നേടിയവരടക്കമുള്ള കുട്ടികള്‍ ആശ്രയിക്കുന്നത് പാരലല്‍ കോളേജുകളെയാണ്. ഡിഗ്രി- പി.ജി വിഭാഗങ്ങളിലായി കേരളത്തില്‍ ഏതാണ്ട് ആറരലക്ഷത്തോളംപേര്‍ പഠിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഒന്നരലക്ഷം പേര്‍ ഹയര്‍സെക്കന്‍ഡറി പഠനവും നടത്തുന്നു. വടക്കന്‍ ജില്ലകളിലാണ് കുട്ടികള്‍ കൂടുതലും.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും റെഗുലര്‍ സ്ട്രീമിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. അതുപോലെത്തന്നെ ഹയര്‍സെക്കന്‍ഡറിയിലെ ഒ.ബി.സി വിഭാഗത്തില്‍ കുടുംബവാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റ് നിബന്ധനകളില്ലാതെ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ അതും സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്നില്ല.

ബിരുദ പരീക്ഷകളും മൂല്യനിര്‍ണയവും സിലബസും മറ്റെല്ലാ കാര്യങ്ങളും സര്‍വകലാശാലകളുടെ കീഴിലാണെങ്കിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുവെന്ന കാരണത്താലാണ് അപേക്ഷിക്കാനാവാത്തത്. ബിരുദ പഠനത്തിന് മൂന്നുവര്‍ഷങ്ങളിലായി യഥാക്രമം 12000, 18000, 24000 എന്നിങ്ങനെയും പി.ജിക്ക് 40000വും 60000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിവിധ വിഭാഗങ്ങളിലായി ആകെ 1000 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന് അര്‍ഹതയെങ്കിലും റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ഥികളേക്കാള്‍ സാമ്പത്തിക നിലവാരംകുറഞ്ഞ കുട്ടികളാണ് പാരലല്‍ കോളേജുകളില്‍ പഠിക്കുന്നതെന്നതിനാല്‍ ഇവരേയും ഇത്തരം ആനുകൂല്യങ്ങളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. ഇതിനായി സമരരംഗത്തേക്ക് ഇറങ്ങാനാണ് പാരലല്‍ കോളേജ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
 
Top