പബ്ലിക് ഹെല്‍ത്ത്‌ലാബിന് വരുന്ന സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്തുമെന്നും അടുത്തവര്‍ഷം തന്നെ ലാബ് തുടങ്ങുമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍. പ്രഭാചന്ദ്രന്‍നായര്‍ പറഞ്ഞു. കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും. അതോടനുബന്ധിച്ചുള്ള തസ്തികകള്‍ അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ പബ്ലിക് ഹെല്‍ത്ത്‌ലാബ് തുടങ്ങുന്നതിന് ആവശ്യമായ തസ്തികകള്‍ സംബന്ധിച്ച് പ്രൊപ്പോസല്‍ ആരോഗ്യവകുപ്പ് സമര്‍പ്പിച്ചിരുന്നു. 24 തസ്തികകളടങ്ങിയ പ്രൊപ്പോസലാണ് സമര്‍പ്പിച്ചിരുന്നത്. ഒരു മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, മൂന്ന് സയന്റിഫിക് ഓഫീസര്‍മാര്‍, 12 ലാബ് ടെക്‌നീഷ്യന്മാര്‍, മൈക്രോബയോളജിസ്റ്റ് , ബയോകെമിസ്റ്റ് എന്നീ തസ്തികകള്‍ ഓരോന്ന് വീതം, നാല് ലാബ് അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
ജില്ലയില്‍ പബ്ലിക് ഹെല്‍ത്ത്‌ലാബ് വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹിസ്‌റ്റോപത്തോളജി, ക്ലിനിക്കല്‍ പത്തോളജി തുടങ്ങിയ വിഭാഗങ്ങളാണ് പബ്ലിക് ഹെല്‍ത്ത്‌ലാബില്‍ ഉണ്ടായിരിക്കുക. ഇപ്പോള്‍ ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത വിവിധ പരിശോധനകള്‍ പബ്ലിക് ഹെല്‍ത്ത്‌ലാബിലുടെ നടത്താന്‍ കഴിയും.മഞ്ഞപ്പിത്തം , കോളറ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ വ്യാപകമാകുമ്പോഴും കുടിവെള്ള പരിശോധനയ്ക്ക് ജില്ലയില്‍ ആരോഗ്യവകുപ്പിന് സംവിധാനമില്ല.
കുടിവെള്ള പരിശോധനയ്ക്ക് ഇപ്പോള്‍ കോഴിക്കോട് റീജ്യണല്‍ ലാബിനെയാണ് ആശ്രയിക്കുന്നത്. റീജ്യണല്‍ ലാബിലെ ജോലിഭാരത്തിനിടയില്‍ ജില്ലയില്‍നിന്ന് അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കുമ്പോഴേക്കും മാസങ്ങള്‍ പിന്നിടുകയും ചെയ്യും. അതുകൊണ്ടുതന്നെ ജലജന്യരോഗങ്ങള്‍ തുടക്കത്തില്‍തന്നെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നതാണ് പ്രധാനപ്രശ്‌നം. ലാബ് യാഥാര്‍ഥ്യമാകുന്നതോടെ ഇത്തരം പ്രയാസങ്ങള്‍ക്ക് പരിഹാരമാകും.