
ദിവസവും പൂജിക്കുന്ന ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കണ്ണീരോടെ കിടന്ന അമ്മയുടെ ചാരത്തേക്ക് പാതിരാത്രിയില്‍ സമ്മാനത്തിന്റെ തിളക്കവുമായി ആതിര വന്നു. സന്തോഷത്തോടെ മകളെ കെട്ടിപ്പിടിക്കുമ്പോഴും ആ അമ്മ കരയുകയായിരുന്നു.
ആര്‍ഭാടത്തിന്റെ വേദിയായ കലോല്‍സവങ്ങളിലെ തീര്‍ത്തും വേറിട്ട ചിത്രമാണ് ആതിരയും അമ്മ ശ്രീലതയും. പണി പൂര്‍ത്തിയാകാത്ത കൊച്ചുവീട്ടില്‍ ദുരിതങ്ങളോട് മല്ലിട്ടാണ് ശ്രീലത ആതിരയെന്ന നക്ഷത്രത്തെ അണയാതെ കാക്കുന്നത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ അടിച്ചുതളിക്കാരിയായ ശ്രീലതയ്ക്ക് കിട്ടുന്ന തുച്ഛവരുമാനമാണ് അവരുടെ ഒരേയൊരു ആശ്രയം.
കൂലിപ്പണിക്കാരനായ അച്ഛന്‍ രാജന് പലപ്പോഴും പണിയുണ്ടാകാറില്ല. മകള്‍ക്ക് ദൈവം കൊടുത്ത വരദാനം അണയാതെ കാക്കാനാണ് ശ്രീലത നെട്ടോട്ടമോടുന്നത്.
ജില്ലാ കലോല്‍സവത്തില്‍ കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ആതിര വണ്ടൂരിലെ താരമായത്. വെറും ഒരു കൊല്ലത്തെ പരിശീലനം കൊണ്ടാണ് പാതായിക്കര എ.യു.പി.എസിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായ ആതിര ഈ നേട്ടത്തിലെത്തിയത്. മികച്ച പരിശീലനം കിട്ടിയാല്‍ അസാമാന്യ പ്രതിഭയുള്ള ആതിര നൃത്തവേദിയിലെ കേരളത്തിന്റെ അഭിമാനതാരമാകുമെന്നായിരുന്നു വിധികര്‍ത്താക്കളുടെ അഭിപ്രായം. ഇത്തവണ നൃത്തത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഗുരുവായ മഞ്ചേരി പ്രമോദ് നല്‍കി. സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും സഹായിച്ചാണ് ആതിര നൃത്ത പരിശീലനവുമായി മുന്നോട്ടു പോകുന്നത്.
പെരിന്തല്‍മണ്ണയ്ക്കടുത്ത പാതായിക്കര പുത്തൂര്‍ ശിവക്ഷേത്രത്തിലാണ് ശ്രീലതയ്ക്ക് അടിച്ചുതളി ജോലി. വെളുപ്പിന് ക്ഷേത്രത്തിലേക്ക് തിരിക്കുന്ന ശ്രീലത ഉച്ചയ്ക്ക് മൂന്ന് വരെ അവിടെ ജോലി ചെയ്യണം.
ആതിരയുടെ നൃത്ത പഠനം തുടരാനുള്ള വഴി കണ്ടെത്തുക... തറ പോലും മെഴുകാത്ത വീടിന്റെ പണി പൂര്‍ത്തീകരിക്കുക...ജീവിതത്തില്‍ ഇപ്പോള്‍ രണ്ട് ആഗ്രഹങ്ങളാണ് ശ്രീലതയ്ക്കുള്ളത്.