വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് 18-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ യു.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ചോലക്കന്‍ ബീരാനെ 103 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി സി. അനൂപ്കുമാര്‍ തോല്പിച്ചത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഈ വാര്‍ഡില്‍ എല്‍.ഡി.എഫിനായിരുന്നു വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പുള്ളാട്ട് അഷ്‌റഫിനെ 17 വോട്ടുകള്‍ക്കാണ് ചാലില്‍ ചന്ദ്രന്‍ (എല്‍.ഡി.എഫ്) പരാജയപ്പെടുത്തിയിരുന്നത്.

കണ്ണമംഗലം പഞ്ചായത്തില്‍ ലീഗിന് 11, രണ്ട് സ്വതന്ത്രരുള്‍പ്പെടെ കോണ്‍ഗ്രസിന് നാല്, എല്‍.ഡി.എഫ് സ്വതന്ത്രര്‍-രണ്ട്, മറ്റ് സ്വതന്ത്രര്‍ എന്നതായിരുന്നു കക്ഷിനില. തോല്‍വിയോടെ എല്‍.ഡി.എഫിന്റെ പ്രാതിനിധ്യം ഒരു അംഗത്തിലൊതുങ്ങി. ജയിച്ച സി.അനൂപ് കോണ്‍ഗ്രസ്സുകാരനാണ്.

ഇന്ദിര ആവാസ് യോജന ഗുണഭോക്തൃ പട്ടിക സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നിപ്പ് നിലനിന്ന സമയത്താണ് തിരഞ്ഞെടുപ്പ് വന്നത്. കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റിനെതിരെ ലീഗ് അവിശ്വാസ പ്രമേയം കൊണ്ടുവരാനും ശ്രമിച്ചിരുന്നു. എങ്കിലും കോണ്‍-ലീഗ് ഭിന്നത തത്കാലം മാറ്റിവെച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയായിരുന്നു. യു.ഡി.എഫിലെ തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ് പറഞ്ഞു.
 
Top