
തേഞ്ഞിപ്പലം: അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയും മൂല്യനിര്‍ണയം ബഹിഷ്‌കരിക്കലും സമൂഹത്തിന് തന്നെ അപമാനമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസിന്റെ 24-ാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകരുടെ നിരുത്തരവാദപരമായ മൂല്യനിര്‍ണയത്തിന്റെ ഫലമാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് പുനഃപരിശോധനകളുടെ എണ്ണം കൂടുന്നതും 25 മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിക്ക് പുനഃപരിശോധനയിലൂടെ 75 മാര്‍ക്ക് നേടുന്നതും. സ്വന്തം കാര്യങ്ങള്‍ നിര്‍ത്തിവെച്ചും ഉത്തരക്കടലാസ്സുകള്‍ മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ തയ്യാറായാല്‍ പരീക്ഷാഫലങ്ങളും നിശ്ചിത സമയത്ത് നല്‍കാനാകും.
സര്‍വകലാശാല ജീവനക്കാരുടെ കാര്യവും മറിച്ചല്ല. തസ്തിക നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍വത്കരണത്തെ വരെ എതിര്‍ക്കുകയാണവര്‍. സ്വയംഭരണവകാശത്തിന്റെ പേരില്‍ എന്തുമാകാം എന്ന നിലപാട് ശരിയല്ല. സ്വയംഭരണാവകാശത്തെ ചോദ്യംചെയ്യാന്‍ സര്‍ക്കാറിന് അവകാശമുണ്ടായിരിക്കണം. അതിനായി നിയമനിര്‍മാണം വരെ നടത്തണം.
ജീവനക്കാര്‍ മനസ്സ് തുറന്ന് വിചാരിച്ചാല്‍ സര്‍വകലാശാലയിലെ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിക്കുന്ന തിയ്യതികള്‍ക്ക് മുമ്പേ തന്നെ ഫലം നല്‍കാനാകും -അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സോളിഡാരിറ്റി വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ്, ഡോ. സൈനുല്‍ ആബിദ് കോട്ട, ടി.പി. അഷ്‌റഫലി, ഡോ. പി.കെ. അബ്ദുള്‍ ലത്തീഫ്, എം.എം. സചീന്ദ്രന്‍, ഡോ. ടി.കെ.ഉമ്മര്‍. ഡോ.എന്‍.എ.എം.അബ്ദുള്‍ ഖാദര്‍, അസീസ് പാലത്തിങ്കല്‍, ബഷീര്‍ കൈനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.