എടപ്പാള്‍: രണ്ട് പേരുകള്‍ ഒരാളുടേത് തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന 'വണ്‍ ആന്‍ഡ് സെയിം' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്ക് അമിതഭാരമാകുന്നു. അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുതന്നെ തിരുത്തിനല്‍കാവുന്ന ചെറിയ തെറ്റുകള്‍ക്കുവരെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പഴയ നിയമമാണ് ഇപ്പോള്‍ അപേക്ഷകര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഒരുപോലെ ദുരിതമാകുന്നത്.
സര്‍ക്കാര്‍ സര്‍വീസിലെ ഡാറ്റാഎന്‍ട്രി ജോലികള്‍ മുഴുവന്‍ പുറംകരാറുകാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായത്.
ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് പറ്റുന്ന ചെറിയ കൈപ്പിഴപോലും തിരുത്തിക്കിട്ടണമെങ്കില്‍ അപേക്ഷകന്‍ പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിയമമെങ്കിലും ഇത് കൃത്യമായി നടക്കാറില്ല. വോട്ടര്‍പട്ടികയിലോ റേഷന്‍ കാര്‍ഡിലോ ജനനസര്‍ട്ടിഫിക്കറ്റിലോ വരുന്ന തെറ്റുകള്‍, മറ്റു രേഖകളും ഈ വ്യക്തിയുടെ രക്ഷിതാക്കളുടെ പേരും വിലാസവുമെല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ അതത് ഓഫീസുകളില്‍ തന്നെ തിരുത്തി നല്‍കാവുന്നതേയുള്ളൂ. എന്നാല്‍ പറ്റിയ തെറ്റുകള്‍ തിരുത്താതെ ഈ രണ്ട് വ്യക്തിയും ഒരാള്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തേണ്ട ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്ക് വിടുകയാണിപ്പോഴും ചെയ്യുന്നത്.
അപേക്ഷ കിട്ടിയാല്‍ സ്ഥലത്ത് പോയി അന്വേഷിച്ച് ബോധ്യപ്പെട്ടശേഷം നല്‍കേണ്ട ഈ രേഖ ഇപ്പോള്‍ സമയക്കുറവുമൂലം കണ്ണുചിമ്മി എഴുതിക്കൊടുക്കുകയാണ് എല്ലാവരും ചെയ്യുന്നത്. പ്രതിമാസം ശരാശരി 200 സര്‍ട്ടിഫിക്കറ്റുകളെങ്കിലും ഇങ്ങനെ വില്ലേജ് ഓഫീസുകളില്‍നിന്ന് നല്‍കുന്നുണ്ട്.