മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവദിനങ്ങളിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിപുലമായ ഒരുക്കങ്ങളുമായി ഗതാഗതകമ്മിറ്റി. ഗതാഗത വകുപ്പുമായി സഹകരിച്ച് പ്രത്യേക ബസ് സര്‍വീസുകളും മറ്റ് യാത്രാസംവിധാനങ്ങളും ഒരുക്കാനാണ് തീരുമാനം. പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നതിന് 10 ബസ്സുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ അടുത്തയാഴ്ച കമ്മിറ്റിയുടെ വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചു.

മത്സരാര്‍ഥികളെ എത്തിക്കുന്നതിന് പ്രത്യേക ബസ്സുകളും മറ്റ് വാഹനങ്ങളും സജ്ജീകരിക്കാന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഈ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ എം.എസ്.പി ക്യാമ്പിന് സമീപത്തെ വളവിലെ റോഡരികിലുള്ള സ്ഥലം പ്രയോജനപ്പെടുത്തും. യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ, കണ്‍വീനര്‍ പി.കെ. അബൂബക്കര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം. ഗിരിജ, റഹ്മത്തുള്ള എളമ്പിലാക്കാട്, ബഷീറ ജലീല്‍, ആര്‍.ടി.ഒ സുരേഷ്‌കുമാര്‍, എം. കുഞ്ഞിമൊയ്തീന്‍കുട്ടി, പി. മൊയ്തീന്‍കുട്ടി, ഫസല്‍ തങ്ങള്‍, ഹംസ കടമ്പോട് എന്നിവര്‍ പ്രസംഗിച്ചു
 
Top