എടപ്പാള്‍: സംസ്ഥാന സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ ത്രിവേണി മാര്‍ക്കറ്റുകളിലാരംഭിച്ച ക്രിസ്മസ്-പുതുവര്‍ഷ ചന്തകളില്‍ രണ്ടാംദിനംതന്നെ സാധനങ്ങള്‍ തീര്‍ന്നത് വാക്കേറ്റത്തിന് കാരണമായി.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി 35കോടി രൂപ സബ്‌സിഡിയിനത്തിലേക്ക് സര്‍ക്കാര്‍ നല്‍കിയാണ് വ്യാഴാഴ്ച മുതല്‍ ചന്തകള്‍ തുടങ്ങിയത്. 25ഓളം നിത്യോപയോഗസാധനങ്ങള്‍ 30 ശതമാനത്തിലേറെ വിലക്കുറവില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് ചന്ത തുടങ്ങിയത്.

എന്നാല്‍ തുടങ്ങി രണ്ടാംദിനംതന്നെ പല അത്യാവശ്യസാധനങ്ങളും തീര്‍ന്നതോടെ മണിക്കൂറുകളോളം വരിനിന്ന് സാധനം വാങ്ങാനെത്തിയവരും ത്രിവേണി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുടലെടുത്തു.

എടപ്പാള്‍ ത്രിവേണി മെഗാമാര്‍ട്ടില്‍ രാവിലെ ആറുമണിമുതല്‍ വരിനിന്നാണ് പലരും ടോക്കണ്‍ വാങ്ങുന്നത്. പിന്നീട് അതില്‍ പറഞ്ഞ തീയതികളില്‍ സാധനം വാങ്ങാന്‍ വീണ്ടും വരിനില്‍ക്കണം. ഇത്രയേറെ പ്രയാസം സഹിച്ചും പണി മുടക്കിയുമൊക്കെയാണ് പലരും സാധനത്തിനെത്തുന്നത്. എന്നാല്‍ മണിക്കൂറുകള്‍ വരിനിന്ന് ബില്ലടിക്കുന്നിടത്തെത്തുമ്പോഴാണ് പത്തില്‍താഴെ സാധനങ്ങളാണ് ഉള്ളത് എന്ന് അറിയുന്നത്. ഇതാണ് പ്രശ്‌നത്തിന് കാരണമാകുന്നത്.

എടപ്പാളില്‍ ഉഴുന്ന്, കടല, മല്ലി, മുളക്, പയര്‍, ചെറുപയര്‍, വന്‍കടല തുടങ്ങി ഭൂരിഭാഗം സാധനങ്ങളും ഉണ്ടായിരുന്നില്ല. സബ്‌സിഡി സാധനങ്ങള്‍ രാത്രിസമയത്ത് കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നതായും ജീവനക്കാരുടെ താത്പര്യപ്രകാരം ടോക്കണുകള്‍ രഹസ്യമായി നല്‍കുന്നതായും ഇവിടെ നേരത്തെത്തന്നെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കെടുപ്പില്‍ ലക്ഷങ്ങളുടെ സാധനം കുറവ് കണ്ടെത്തിയത് ഈ മാര്‍ക്കറ്റില്‍നിന്നായിരുന്നു.

എന്നാല്‍ വന്നസാധനം കുറവായതാണ് രണ്ടാംദിവസംതന്നെ സാധനങ്ങളില്ലാതാവാന്‍ കാരണമെന്നും പ്രതിദിനം 250ഓളം പേര്‍ക്ക് സാധനം നല്‍കുന്നതിനാല്‍ വന്നത് പെട്ടെന്ന് കഴിഞ്ഞതാണെന്നുമാണ് അധികൃതര്‍ പറയുന്നത്. മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇവര്‍ പറയുന്നു.
 
Top