എടപ്പാള്‍: ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്ക് മാതൃകയാവുന്നു. ജില്ലയിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ കേന്ദ്ര-സംസ്ഥാന സംഘങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരുലക്ഷം ജനങ്ങളില്‍ ഒരു വര്‍ഷത്തില്‍ 135 ടി.ബി രോഗികളുണ്ടാകുമെന്നാണ് കണക്ക്. കഫത്തില്‍ രോഗാണുക്കളുള്ള ഇത്തരം രോഗികളില്‍ 90 ശതമാനമെങ്കിലും കണ്ടുപിടിക്കണമെന്നും നിര്‍ദേശമുണ്ട്. 1998 മുതല്‍ ജില്ലയില്‍ കണ്ടെത്തിയ രോഗികള്‍ മേല്‍പ്പറഞ്ഞ കണക്കിന്റെ 50 ശതമാനം മാത്രമാണ്. കണ്ടെത്തിയവരെ ചികിത്സയ്ക്ക് വിധേയരാക്കുന്നതിലും ബോധവത്കരിക്കുന്നതിലും ജില്ല മുന്‍പന്തിയിലാണ്. ക്ഷയരോഗമുള്ളവരില്‍ 44 ശതമാനം പേര്‍ക്ക് പ്രമേഹമുള്ളതായാണ് കണക്ക്. മലപ്പുറം ജില്ലയില്‍ ഇത് 25-30 ശതമാനം മാത്രമാണ്. ഇത്തരം രോഗികള്‍ക്ക് ക്ഷയരോഗത്തിനുള്ള ചികിത്സയ്‌ക്കൊപ്പം പ്രമേഹ ചികിത്സനല്‍കുന്നതിലും ജില്ലയില്‍ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. ക്ഷയരോഗികളിലെ 95 ശതമാനം പ്രമേഹക്കാരെയും കണ്ടെത്തുന്നുണ്ട്. എച്ച്.ഐ.വി പരിശോധന, ബോധവത്കരണം എന്നിവയിലും മുന്‍പന്തിയിലാണ്. 38 സര്‍ക്കാര്‍ ലാബും 12 സ്വകാര്യ ലാബും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതും ഉന്നത നിലവാരത്തിലാണെന്നാണ് സംഘങ്ങളുടെ വിലയിരുത്തല്‍. 

3000-ത്തോളം സാധാരണ ക്ഷയരോഗികളാണ് ഇപ്പോള്‍ ജില്ലയിലുള്ളത്. ഇതില്‍ മാരകമായ എക്‌സ്.ഡി.ആര്‍, എം.ഡി.ആര്‍ എന്നീ വിഭാഗക്കാരുമുണ്ട്. നാലുലക്ഷം ചെലവ് വരുന്ന എക്‌സ്.ഡി.ആര്‍ ക്ഷയത്തിനും 2.25 ലക്ഷം ചെലവ്‌വരുന്ന എം.ഡി.ആര്‍ ടി.ബിക്കുമടക്കം മുഴുവന്‍ ചികിത്സയും സൗജന്യമായാണ് നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സംഘം രോഗികളുടെ വീടുകളിലും ആസ്​പത്രികളിലും വരെ സന്ദര്‍ശിച്ചാണ് ഇവ വിലയിരുത്തിയത്.

മറ്റ് ജില്ലകള്‍ക്ക് മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നതുകൊണ്ട് നൂറുശതമാനം വിജയം അവകാശപ്പെടാനായിട്ടില്ലെന്നാണ് ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നന്ദകുമാര്‍ പറയുന്നത്.

സ്വകാര്യ ആസ്​പത്രികളുടെ ആധിക്യമുള്ളതിനാല്‍ ഇത്തരം ആസ്​പത്രികളില്‍ വരുന്ന ക്ഷയരോഗികളുടെ കണക്ക് കൃത്യമായി ഇപ്പോഴും ലഭ്യമാകുന്നില്ലെന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്.
 
Top