എടപ്പാള്‍: കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഇന്റര്‍പോളിന്റെ റിപ്പോര്‍ട്ടിനുശേഷം മാത്രം. ഇന്ത്യയിലും വിദേശത്തും ഒരേസമയം നടന്ന തട്ടിപ്പെന്ന നിലയില്‍ ഇന്റര്‍പോളിന്റെ സാമ്പത്തികാന്വേഷണ വിഭാഗമായ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ പോലീസ് സെല്‍ (ഐ.സി.പി.സി) നല്‍കുന്ന റിപ്പോര്‍ട്ടിനുശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കാനാകൂ എന്ന് അന്വേഷണ ച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ഷാനവാസ് പറഞ്ഞു. അതേസമയം സംഘം കസ്റ്റഡിയില്‍ വാങ്ങിയ കോലൊളമ്പിലെ അബ്ദുള്‍റസാഖിനെ രണ്ടുദിവസത്തെ തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ റസാഖിനെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം എടപ്പാളിലെ വിവിധ ബാങ്കുകളിലും ഇയാള്‍ക്ക് നിക്ഷേപം നല്‍കി എന്ന് പറയപ്പെടുന്നവരുടെ വീടുകളിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

പരാതി നല്‍കിയവര്‍ ഇയാളെ തിരിച്ചറിയുകയും ചെക്ക് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തതോടെയാണ് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം നേരത്തെ ഈ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന് ഇയാള്‍ക്കെതിരെ ചിലര്‍ നല്‍കിയ പരാതികളും ചെക്കുകളും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പരാതിക്കാര്‍ക്കുതന്നെ തിരിച്ചുനല്‍കിയത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.

തിരിച്ചുകിട്ടിയ ചെക്കുകളുപയോഗിച്ച് ഇവരില്‍ പലരും ദുബായിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെ ഒരാളുടെ പേരില്‍ ഒരേ കുറ്റത്തില്‍ രണ്ട് രാജ്യങ്ങളില്‍ കേസ് ഉടലെടുത്തിരിക്കുകയാണ്. ഈ പ്രശ്‌നംമൂലമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഐ.സി.പി.സിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ഐ.സി.പി.സിയുടെയും നിയമോപദേശത്തിനുശേഷം മാത്രമേ ഇനി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇത് ലഭിച്ചാലുടന്‍ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം പണം കിട്ടാനുള്ള പലരും ഇനിയും പരാതിയുമായി രംഗത്തുവരാത്തത് അന്വേഷണസംഘത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത കള്ളപ്പണമാവും പലരും ഇവര്‍ക്ക് നിക്ഷേപമായി നല്‍കിയതെന്നതാണ് ഇതിന് കാരണമായി പോലീസ് വിശ്വസിക്കുന്നത്.
 
Top