പെരിന്തല്‍മണ്ണ: അശ്രദ്ധയും അമിതവേഗവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 26 ജീവന്‍. നവംബര്‍ 22 മുതല്‍ ഈ മാസം 21 വരെയാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്.കഴിഞ്ഞ ഒരു മാസം ജില്ലയിലുണ്ടായ അപകടങ്ങളില്‍ 33 പേര്‍ മരിച്ചു. ബൈക്ക് ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 16 പേര്‍ മരിച്ചു. കാല്‍നട യാത്രക്കാരായ നാല് പേര്‍ മരിച്ചു. 20 വയസ്സില്‍ താഴെയുള്ള അഞ്ച് പേരും 20 ന് മുകളില്‍ 30 വരെയുള്ള ഏഴ് പേരും മരിച്ചു. 30നും 50നും ഇടയിലുള്ള എട്ട് പേരും 50 ന് മുകളില്‍ പ്രായമുള്ള ആറ് പേരും വാഹനാപകടങ്ങളില്‍ മരിച്ചു.

കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സ് കയറി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് സമാനമായത് ഈ മാസവുമുണ്ടായി.ബസ്സില്‍ നിന്ന് ഇറങ്ങും മുമ്പ് മുന്നോട്ടെടുത്ത ബസ് കയറി വീട്ടമ്മ മരിച്ചതാണ് സംഭവം. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയത് മാതാവ് വീണ് മരിച്ച സംഭവവും ആവര്‍ത്തിക്കപ്പെട്ടു. ഈ മാസം എട്ടിന് മാത്രം നാല് പേരാണ് അപകടങ്ങളില്‍ മരിച്ചത്. 

എരമംഗലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അറക്കിലാംകുന്ന് അറക്കല്‍ നൗഷാദ്(35),കിഴിശ്ശേരി ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടെ ഓമാനൂരില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി ഓമാനൂര്‍ പൂവഞ്ചേരി അലവിക്കുട്ടിയുടെ മകള്‍ നസീറ തസ്‌നി(12),അമ്മിനിക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അമ്പാട്ടുപറമ്പില്‍ ഫാരിസ്(24),മലപ്പുറം കോട്ടപ്പടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കുന്നുമ്മല്‍ പണ്ടാരത്തൊടി അബ്ദുള്‍ ബാഹിസ്(25) എന്നിവര്‍ മരിച്ചു.

തിരൂരങ്ങാടി പാലക്കല്‍ അങ്ങാടിയില്‍ കാറിടിച്ച് മുന്‍ പഞ്ചായത്ത് അംഗം വെളിമുക്ക് പി കെ കുട്ടിബാവ ഹാജി(67),കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മാനന്തവാടി പുറംകാട്ടില്‍ വിപിന്‍(28),എടക്കര മുപ്പിനിയില്‍ ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് കരിപ്പോട്ടില്‍ ഡോ. സുന്ദരന്റെ മകള്‍ ശ്രീപ്രിയ(27) എന്നിവര്‍ മരിച്ചു. 

കാടാമ്പുഴ വെട്ടിച്ചിറയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി പുഴക്കാട്ടിരി കടുങ്ങപുരം വൈലക്കാട്ടില്‍ പ്രേമന്റെ മകന്‍ ജ്യോതിഷ്(19),മഞ്ചേരി വീമ്പൂര്‍ മുട്ടിപ്പടിയില്‍ ബസ്സിന്റെ വശം ബൈക്കില്‍ തട്ടിയതിനെത്തുടര്‍ന്ന് വീണ് വള്ളുവമ്പ്രം തോരപ്പ ഫാത്തിമക്കുട്ടി(51) എന്നിവര്‍ നവംബര്‍ 30 നുള്ളില്‍ മരിച്ചു.വഴിക്കടവ് മണിമൂളിയില്‍ ബൈക്കിടിച്ച് കാട്ടുമുണ്ട തെയ്യത്തുംകുന്ന് തുണ്ടിപ്പറമ്പില്‍ അലക്‌സാണ്ടര്‍(74),വീടിന് മുന്നില്‍ വാനിടിച്ച് നിലമ്പൂര്‍ മുമ്മുള്ളി കാരപ്പറമ്പന്‍ സുകുമാരന്‍(68),ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ബൈക്കിലിടിച്ച് എരമംഗലം പുന്നയൂര്‍ക്കുളം തൃപ്പറ്റ് കാട്ടുകണ്ടത്തില്‍ ഷാജി(36),കരുമത്താഴത്ത് പറമ്പില്‍ വിപിന്‍മോഹന്‍(55),ബസില്‍ നിന്ന് ഇറങ്ങവേ മുന്നോട്ടെടുത്ത അതേ ബസ് കയറി പൗരൂര്‍ ഒടുങ്ങാട്ട് കോളനിയിലെ രവിയുടെ ഭാര്യ ഇണ്ണിച്ചി(49),മകനോടൊപ്പം പോകവേ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് വീണ് ചേലേമ്പ്ര പൈങ്ങോട്ടൂര്‍ കാളാത്ത്മല സൈനബ(47) എന്നിവര്‍ മരിച്ചു. 

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ചമ്രവട്ടത്തെ ഭാഗ്യലക്ഷമി(45),എടപ്പാള്‍ കണ്ടനകത്ത് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് തിരൂര്‍ ബീരാന്‍ചിറ ചെമ്മല യൂസുഫിന്റെ ഭാര്യ സഫിയ(43),കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ തുറക്കല്‍ കോഴിക്കോടന്‍ കബീറിന്റെ മകന്‍ മുഹമ്മദ് സാദിഖ്(22),നിലമ്പൂരില്‍ കാറിടിച്ച് ചാലിയാര്‍ ആദിവാസി കോളനിയിലെ പെരുവമ്പാടം ശ്രീധരന്‍(മണി-40),കല്പകഞ്ചേരിയില്‍ ആംബുലന്‍സ് ബൈക്കിലിടിച്ച് കൗങ്ങിലപ്പടി ചോലയില്‍ ഇസ്മായിലിന്റെ മകന്‍ അസ്മല്‍(23),മഞ്ചേരി ആമക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് പന്തല്ലൂര്‍ കടമ്പോട്,കുഴികക്കാടന്‍ മേല്‍പുറത്ത് മൊയ്തീന്‍ മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് ഫസല്‍(17),ചങ്ങരംകുളത്ത് ബൈക്കും ലോറിയും ഇടിച്ച് ചെര്‍പ്പുളശ്ശേരി കുറ്റിക്കോട്ട് പാറക്കണ്ണി സനൂപ് കൃഷ്ണന്‍(20) എന്നിവര്‍ മരിച്ചു. പുത്തനത്താണി ഹൈവേയില്‍ ടയര്‍ ഊരിത്തെറിച്ച് ജീപ്പ് മറിഞ്ഞ് കരുനാഗപ്പള്ളി വടക്കുംതല കുറ്റിവട്ടം പോളയില്‍ റഷീദ്(35),മമ്പാട് ബൈക്കും വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ മേപ്പാടം കൂളിക്കലിലെ മധുരക്കറിയന്‍ അബ്ദുള്ളയുടെ മകന്‍ ഉമ്മര്‍റാസി,മാടശ്ശേരി അഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ ഹംസ,കുറ്റിപ്പുറത്ത് റോഡ് മുറിച്ച കടക്കുന്നതിനിടെ ലോറിയിടിച്ച് വ്യപാരി കാരമ്പത്തൂര്‍ വേണുഗോപാല്‍(ബാബു-51) എന്നിവരും മരിച്ചു.
 
Top