മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തെയും ദേശീയപാത കടന്നുപോകുന്ന വെട്ടിച്ചിറ കഞ്ഞിപ്പുരയെയും ബന്ധിപ്പിച്ച് നാലുവരിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) രംഗത്ത്. ഈ റോഡിനുള്ള രൂപരേഖയും യാഥാര്‍ഥ്യമായാല്‍ ഉണ്ടാകുന്ന നേട്ടങ്ങളും ചൂണ്ടിക്കാട്ടി ലെന്‍സ്‌ഫെഡ് മന്ത്രി കുഞ്ഞാലിക്കുട്ടിക്കും മറ്റ് മന്ത്രിമാര്‍ക്കും തദ്ദേശ സ്ഥാപന തലവന്മാര്‍ക്കും രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്. മലപ്പുറത്ത് കളക്ടര്‍ ബംഗ്ലാവിന്റെ അടുത്തുനിന്ന് തുടങ്ങി ഉമ്മത്തൂര്‍ പാലം- വട്ടപ്പറമ്പ്- മരവട്ടം- കാടാമ്പുഴ- കഞ്ഞിപ്പുര വരെ 21 കിലോമീറ്റര്‍ നീളവും നാലുവരിപ്പാതയ്ക്ക് 30 മീറ്റര്‍ വീതിയുമാണ് ആവശ്യമുള്ളത്. ഇതില്‍ 13 കിലോമീറ്ററില്‍ ചെറിയ റോഡ് നിലവിലുണ്ട്. ബാക്കി എട്ട് കിലോമീറ്റര്‍ റോഡിനാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. മലപ്പുറത്തുനിന്നും വട്ടപ്പറമ്പുവരെ 7.2 കിലോമീറ്ററും അവിടെനിന്ന് കഞ്ഞിപ്പുര വരെ 13.8 കിലോമീറ്ററും കഞ്ഞിപ്പുരയില്‍നിന്ന് മര്‍ക്കസ് മൂടാല്‍ വരെ 5.8 കിലോമീറ്ററും ദൂരംവരുന്ന ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവൃത്തി തുടങ്ങാനിരിക്കുകയും ചെയ്യുന്നു.

ഈ പാത യാഥാര്‍ഥ്യമായാല്‍ മഞ്ചേരി- മലപ്പുറം ഭാഗത്തുനിന്ന് കുറ്റിപ്പുറം-തൃശൂര്‍ ഭാഗത്തേക്ക് 12 കിലോമീറ്റര്‍ കുറയും. മലപ്പുറം കോട്ടപ്പടി, കോട്ടയ്ക്കല്‍ ടൗണ്‍, ചങ്കുവെട്ടി, പുത്തനത്താണി, വളാഞ്ചേരി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം. യാത്രാസമയം കുറയ്ക്കാനും കഴിയും. അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട റോഡുകളുടെ കൂട്ടത്തില്‍പ്പെടുത്തി മലപ്പുറം- മൂടാല്‍ നാലുവരിപ്പാത ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മലപ്പുറത്തുചേര്‍ന്ന ലെന്‍സ്‌ഫെഡ് ജില്ലാ ജനറല്‍ബോഡി യോഗം ആവശ്യപ്പെടുന്നു
 
Top