*കുറ്റിപ്പുറത്ത് 2300 ടണ്ണും അങ്ങാടിപ്പുറത്ത് 1500 ടണ്ണും വേണം.
*റയില്‍വേ വാഗണുകള്‍ ലഭിക്കാത്തത് പ്രശ്‌നം
*കുറ്റിപ്പുറത്ത് വാഗണ്‍ അവസാനമെത്തിയത് കഴിഞ്ഞ മാസംപെരിന്തല്മണ്ണ: ജില്ലയ്ക്ക് ഈ മാസം അന്നം മുടങ്ങാതിരിക്കാന്‍ ഇനിയുംവേണ്ടത് 3800 ടണ്‍ അരി. പ്രധാന സംഭരണ വിതരണ കേന്ദ്രങ്ങളായ അങ്ങാടിപ്പുറം, കുറ്റിപ്പുറം എഫ് സി ഐ ഗോഡൗണുകളില്‍ ലഭിക്കേണ്ട അരിയിലാണ് കുറവുള്ളത്. എത്രയും വേഗം അരി എത്തിയില്ലെങ്കില്‍ ജില്ലയിലെ വിതരണം പൂര്‍ണമായും സ്തംഭിക്കും. ഈ മാസത്തേക്ക് വേണ്ടതില്‍ കുറ്റിപ്പുറത്ത് 2300 ടണ്‍ അരിയുടെയും അങ്ങാടിപ്പുറത്ത് 1500 ടണ്ണിന്റെയും കുറവാണുള്ളത്. ബുധനാഴ്ച കുറ്റിപ്പുറത്ത് നിന്ന് 40 ലോഡ് അരി വിതരണത്തിന് അനുവദിച്ചപ്പോള്‍ ബാക്കിയുള്ളത് 50 ലോഡ് ആണ്. അങ്ങാടിപ്പുറത്ത് 45 ലോഡ് വിതരണത്തിന് അനുവദിച്ചപ്പോള്‍ ബാക്കിയുള്ളത് 500 ടണ്‍. അങ്ങാടിപ്പുറത്തും കുറ്റിപ്പുറത്തും സാധാരണ വിതരണത്തിന് മാത്രം മാസം ശരാശരി 6000 ടണ്‍ അരി വേണം. ക്രിസ്മസിന് വിദ്യാര്‍ത്ഥികള്‍ക്കടക്കം സ്‌പെഷല്‍ അരി നല്‍കേണ്ടി വരുമ്പോള്‍ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും.
കുറ്റിപ്പുറത്ത് അരിയുമായുള്ള വാഗണ്‍ അവസാനമെത്തിയത് കഴിഞ്ഞമാസം 19നാണ്. അങ്ങാടിപ്പുറത്ത് അരി എത്തിയിട്ട് രണ്ടാഴ്ചയോളമായി. മൂന്ന് താലൂക്കുകളിലേക്കായി 250 ടണ്ണോളം അരി വിതരണത്തിന് വേണ്ട കുറ്റിപ്പുറത്ത് ബാക്കിയുള്ളത് 50 ടണ്‍ മാത്രമാണ്.
കുറ്റിപ്പുറത്തേക്ക് കോയമ്പത്തൂരില്‍ നിന്നുള്ള അരിയുമായി വാഗണുകള്‍ വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് അറിയുന്നത്. ഇത് എത്തുന്നതോടെ ഈ മാസത്തെ വിതരണത്തിന് പ്രയാസമുണ്ടാകില്ലെന്ന് പറയുന്നു.
റെയില്‍വേ വാഗണുകള്‍ ലഭിക്കാത്തതാണ് അരിയെത്താന്‍ വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്. അരി കൊണ്ടുവരേണ്ട വാഗണുകള്‍ സിമന്റ് കൊണ്ട് പോകുന്നതിന് ഉപയോഗിക്കുന്നതിനാലാണ് ഇവ ലഭ്യമല്ലാത്തതെന്നും അറിയുന്നു. സിമന്റ് മേഖലയിലെ സമരത്തിനുശേഷം നിരവധി ഓര്‍ഡറുകള്‍ റയില്‍വേക്ക് ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകളിലേക്ക് അങ്ങാടിപ്പുറം ഗോഡൗണില്‍ നിന്നാണ് അരിയെത്തുന്നത്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലേക്ക് കുറ്റിപ്പുറം ഗോഡൗണില്‍ നിന്നാണ് വിതരണം. അങ്ങാടിപ്പുറം ഗോഡൗണിന് കീഴില്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, മക്കരപ്പറമ്പ്, മഞ്ചേരി (മൂന്നെണ്ണം) , മലപ്പുറം, കൊണ്ടോട്ടി, എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലായി 12 മൊത്തവിതരണക്കാരാണുള്ളത്. കുറ്റിപ്പുറം ഗോഡൗണിന് കീഴില്‍ കുറ്റിപ്പുറം, തിരൂര്‍, തലക്കടത്തൂര്‍, വേങ്ങര, തേഞ്ഞിപ്പലം, ഊരകം, പരപ്പനങ്ങാടി, പള്ളിക്കല്‍, പൊന്നാനി, എടപ്പാള്‍, എരമംഗലം എന്നിവിടങ്ങളിലായി 11 മൊത്തവിതരണക്കാരുണ്ട്. പൊന്നാനി താലൂക്കിലെ റേഷന്‍ കടകളില്‍ രണ്ടാഴ്ചത്തേക്ക് വിതരണത്തിനുള്ള അരി സ്റ്റോക്കുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച വരെക്കുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്.