
മലപ്പുറം: കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കാന്‍ പാണക്കാട്ടെത്തി. മന്ത്രിയായ ശേഷം ആദ്യമായാണ് കൊടിക്കുന്നില്‍ പാണക്കാട്ടെത്തുന്നത്. രാവിലെ എട്ടരയോടെ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞിക്കൊപ്പമാണ് എത്തിയത്. ഒരു മണിക്കൂറോളം തങ്ങളുമായി സൗഹൃദസംഭാഷണം നടത്തിയ ശേഷം മടങ്ങി.
സൗഹൃദം പുതുക്കുന്നതിനാണ് പാണക്കാട്ടെത്തിയതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍ സമ്മര്‍ദംചെലുത്തും. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇവരുടെ വേതനം സംബന്ധിച്ച നിയമനിര്‍മാണം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറുകളായതിനാല്‍ അതിനുള്ള സമ്മര്‍ദം ചെലുത്തും. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.