എടവണ്ണ: ചാലിയാറിന് കുറുകെ എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊട്ടിക്കടവ്-പാവണ്ണ തൂക്കുപാലം അപകടത്തില്‍.
മന്ത്രി ഇ. അഹമ്മദിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷംരൂപ വിനിയോഗിച്ച് 2005ല്‍ നിര്‍മിച്ചതാണ് പാലം. നിര്‍മാണം കഴിഞ്ഞ് ഇന്നുവരെ യാതൊരു അറ്റകുറ്റപ്പണികളും ഇതില്‍ നടന്നിട്ടില്ല.

നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കമ്പികള്‍ തുരുമ്പെടുത്ത് തുടങ്ങി. നടപ്പാത ഒരുവശത്തേക്ക് ചെരിഞ്ഞിട്ടുമുണ്ട്. പാലത്തിന് അടിഭാഗത്തെ കമ്പികളും ദ്രവിച്ചു.
ചാലിയാറിനക്കരെയുള്ളവര്‍ക്ക് എടവണ്ണ, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലെത്താനുള്ള മാര്‍ഗമാണിത്. വിവിധ സ്‌കൂളുകളിലേക്കുള്ള നൂറുകണക്കിന് കുട്ടികളാണ് ദിവസവും പാലം കടക്കുന്നത്. പാലം നന്നാക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.

കഴിഞ്ഞവര്‍ഷം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി ആറുലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുക പോലും ചെയ്തില്ല. അറ്റകുറ്റപ്പണികള്‍ക്ക് ഈ വര്‍ഷത്തെ പദ്ധതിയില്‍ തുക നീക്കിവെച്ചിട്ടുമില്ല. അറ്റകുറ്റപ്പണികള്‍ക്ക് ഭീമമായ തുക വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സഹകരിച്ച് പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നാണ് ബ്ലോക്ക് പഞ്ചായത്തധികൃതര്‍ പറയുന്നത്. 
ഇതിനായി ആദ്യം സാങ്കേതിക വിദഗ്ധരില്‍നിന്ന് എസ്റ്റിമേറ്റ് വാങ്ങേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ പറച്ചിലല്ലാതെ ആരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

 
Top