പെരിന്തല്‍മണ്ണ: ജില്ലയിലെ ബാറുകളും ബസ്സുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആളും സഹായിയും പോലീസ് പിടിയിലായി. കോഴിക്കോട് അത്തോളി ചീക്കിലോട് ഇളമ്പിലാശ്ശേരി അര്‍ഷാദ്(അര്‍ഷാദ് ബാബു-27), കൊണ്ടോട്ടി വട്ടപ്പറമ്പ് കുറവം പുറത്ത് അബ്ദുള്‍സലാം(ബംഗാളി സലാം-28) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് പെരിന്തല്‍മണ്ണ ആയുര്‍വേദ ആസ്​പത്രിക്ക് സമീപത്തുനിന്ന് സി ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ. ഐ ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അര്‍ഷാദ് മോഷണം നടത്തി കിട്ടുന്ന മുതലുകള്‍ വില്‍പന നടത്തിയിരുന്നത് അബ്ദുള്‍സലാം ആണെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് മനസ്സിലായതായി പോലീസ് പറഞ്ഞു. കൊണ്ടോട്ടി, രാമനാട്ടുകര, മഞ്ചേരി എന്നിവിടങ്ങളിലെ ബാറുകള്‍ കേന്ദ്രീകരിച്ച് നടന്ന പിടിച്ചുപറിക്കേസുകള്‍, പെരിന്തല്‍മണ്ണ മാനത്തുമംഗലം ജങ്ഷനില്‍ സ്ത്രീയുടെ മാല ബസ്സില്‍നിന്ന് മോഷണം പോയ കേസും തെളിഞ്ഞതായി പോലീസ് പറഞ്ഞു. സ്വര്‍ണ്ണ മാല കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.

അര്‍ഷാദ് മഞ്ചേരി, കോട്ടയ്ക്കല്‍, തിരൂര്‍, അരീക്കോട് കോഴിക്കോട് ജില്ലയിലെ പന്നിയങ്കര, നടക്കാവ്, കസബ, നല്ലളം, ചേവായൂര്‍ എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളില്‍ പെട്ടയാളാണ്. ഏഴ് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പ്രതികളുടെ അറസ്റ്റോടെ മങ്കട, നിലമ്പൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളിലെ തെളിയാതെ കിടക്കുന്ന കേസുകളിലേക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.
 
Top