എടപ്പാള്‍: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് മൂന്നരക്കോടി രൂപ കൂടി അനുവദിച്ചതോടെ കണ്ടനകത്തെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. ആറുകോടി മുതല്‍മുടക്കില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥാപനത്തിന് ഇതിനകം 10 കോടി രൂപ ചെലവഴിച്ചു.

കണ്ടനകം കെ.എസ്.ആര്‍.ടി.സി റീജിയണല്‍ വര്‍ക്ക്‌ഷോപ്പിന്റെ 25ഏക്കര്‍ സ്ഥലത്താണ് സ്ഥാപനം ഒരുങ്ങുന്നത്. ആദ്യഘട്ടമായി നിര്‍മാണമാരംഭിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ പണി 90ശതമാനം പൂര്‍ത്തിയായി. ഇവിടേക്ക് പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കാനുതകുന്ന ജലപദ്ധതിയാണ് ഇനി നടക്കാനുള്ളത്. ഇതിന് 50ലക്ഷം രൂപയുടെ പദ്ധതി ജലഅതോറിറ്റിക്ക് നല്‍കിക്കഴിഞ്ഞു.

സ്‌കൂള്‍ കെട്ടിടത്തിന് പിന്‍വശത്തായി 120മീറ്റര്‍ നീളത്തില്‍ ടെസ്റ്റ്ട്രാക്ക് നിര്‍മാണം ഇപ്പോള്‍ തുടങ്ങി. നാലുവരിപ്പാത, സിഗ്‌നല്‍ സംവിധാനങ്ങളോടെയുള്ള ജങ്ഷന്‍ എന്നിവയടക്കം റോഡിലിറങ്ങിയാല്‍ ഡ്രൈവര്‍ അഭിമുഖീകരിക്കേണ്ട ട്രാഫിക്പ്രശ്‌നങ്ങളെല്ലാം ഇവിടെ സജ്ജീകരിക്കും. 

ബസ്സിന്റെ മാതൃകയിലുള്ള കമ്പ്യൂട്ടറൈസ്ഡ് ക്ലാസ് മുറിയിലാകും ആദ്യഘട്ടപരിശീലനം. ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ വരെ വിശകലനം ചെയ്ത് അവയെ തരണംചെയ്യാനുള്ള പരിശീലനവും ഇവിടെ നല്‍കും.

ഇവ കൂടാതെ കാന്റീന്‍, ഹോസ്റ്റല്‍ കെട്ടിടം എന്നിവയും ഇവിടെയുണ്ടാകും. 
 
Top