കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രി എട്ടിന് കോഴിക്കോട്ടുനിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രക്കാരെയും വിമാനത്താവള അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തി തിരിച്ചിറക്കിയത്. ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം 20 മിനിറ്റോളം പറന്നശേഷം എന്‍ജിനുള്ളില്‍നിന്ന് പൊട്ടിത്തെറിശബ്ദം കേള്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ പൈലറ്റ് ഉടന്‍തന്നെ എയര്‍ട്രാഫിക് കണ്‍ട്രോളിനോട് അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി ആവശ്യപ്പെട്ടു. അഗ്‌നിശമനസേനാ യൂണിറ്റും മറ്റ് അവശ്യ സന്നാഹങ്ങളും സജ്ജമാക്കി. റണ്‍വെ ഒഴിപ്പിച്ചശേഷം എട്ടരയോടെ വിമാനത്തിന് അടിയന്തരലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. 8.40ന് വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതോടെയാണ് യാത്രക്കാര്‍ക്കും അധികൃതര്‍ക്കും ആശ്വാസമായത്. രണ്ട് പിഞ്ചുകുട്ടികളടക്കം 173 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിനിയറിങ് വിഭാഗത്തിന്റെ പരിശോധനയില്‍ എന്‍ജിന്റെ പ്രൊപ്പല്‍ഷന്‍ ബ്ലേഡുകള്‍ തകര്‍ന്നതായി കണ്ടെത്തി. കൂടുതല്‍ ദൂരം പറന്നിരുന്നെങ്കില്‍ ദുരന്തമുണ്ടാകുമായിരുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഭക്ഷണവും ഹോട്ടല്‍ സൗകര്യവും ഒരുക്കി.
 
Top