
ജനറല്‍ ആസ്പത്രിയില്‍ ഒരു ആര്‍.എം.ഒയുടെയും എട്ട് അസിസ്റ്റന്റ് സര്‍ജന്മാരുടെയും 14 സ്റ്റാഫ് നഴ്‌സുമാരുടെയും തസ്തികകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ജില്ലാ ആസ്പത്രിയില്‍ ഒരു ആര്‍.എം.ഒയുടെയും നാല് അസിസ്റ്റന്റ് സര്‍ജന്മാരുടെയും 10 സ്റ്റാഫ് നഴ്‌സുമാരുടെയും തസ്തികയുമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ ആസ്പത്രികളിലായി ജനറല്‍ കാറ്റഗറിയില്‍ 210 ഡോക്ടര്‍മാരുടെയും 570 സ്റ്റാഫ്‌നഴ്‌സുമാരുടെയും തസ്തികയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ജില്ലയ്ക്കും തസ്തിക അനുവദിച്ചത്. ജനറല്‍ ആസ്പത്രിക്കാണ് ഇപ്പോള്‍ തസ്തികകള്‍ കൂടുതലായി അനുവദിച്ചിട്ടുള്ളത്.
അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തികയില്ലാത്ത ഏക താലൂക്ക് ആസ്പത്രിയാണ് മലപ്പുറത്തേത്. ജില്ലാ ആസ്ഥാനത്തെ ആസ്പത്രിയായിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ല. തസ്തിക സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും മലപ്പുറം താലൂക്ക് ആസ്പത്രി അവഗണിക്കപ്പെട്ടു. ജില്ലാ, ജനറല്‍ ഉള്‍പ്പെടെയുള്ള പ്രധാന ആസ്പത്രികളിലാണ് പുതുതായി തസ്തിക അനുവദിച്ചിട്ടുള്ളതെങ്കിലും തിരുവനന്തപുരത്ത് ഒരു താലൂക്ക് ആസ്പത്രിയും പുതിയ തസ്തിക അനുവദിക്കുന്നതില്‍ പരിഗണനയിലുണ്ട്. ആ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തെ താലൂക്ക് ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ തസ്തിക അനുവദിക്കണമെന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നു. മലപ്പുറം താലൂക്ക് ആസ്പത്രിയില്‍ 20 ഡോക്ടര്‍മാരുടെ തസ്തിക വേണ്ടിടത്ത് സൂപ്രണ്ട് ഉള്‍പ്പെടെ 11 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്.