നിലമ്പൂര്‍: ദേശീയ ജനസംഖ്യാ കണക്കെടുപ്പില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരെക്കൊണ്ട് സ്വകാര്യകമ്പനി അടിമവേല ചെയ്യിക്കുന്നതായി പരാതി. നിലമ്പൂര്‍ താലൂക്കിലെ എന്‍.പി.ആര്‍ ജോലി തിരഞ്ഞെടുത്ത 35 ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരാണ് തൊഴിലിടങ്ങളിലെ ചൂഷണത്തിനെതിരെ നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കിയത്.

പരിധിയില്ലാത്ത ഡ്യൂട്ടിസമയമാണുള്ളതെന്നും വാഗ്ദാനം ചെയ്ത ശമ്പളവും നിയമന ഉത്തരവും നല്‍കാതെ തങ്ങളെ പീഡിപ്പിക്കുകയാണെന്നും പരാതി ഉന്നയിക്കുന്നവരോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ എന്‍.പി.ആറിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത് ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വാതി സ്മാര്‍ട്ട്കാര്‍ഡ് എന്ന കമ്പനിയാണ്.

കമ്പനി മാസം 6000 രൂപയ്ക്കാണ് ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ കൃത്യമായ ശമ്പളം നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇതിനുപുറമെ രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയാണ് ഡ്യൂട്ടി സമയം പറഞ്ഞിരുന്നതെങ്കിലും പല ദിവസങ്ങളിലും രാത്രി എട്ടുമണിക്ക് ശേഷമാണ് ഇവരെ തിരിച്ചുപോരാന്‍ അനുവദിക്കാറുള്ളതെന്നും പറയുന്നുണ്ട്.

ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍മാര്‍ ശനിയാഴ്ച രാവിലെ ചില ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചിരുന്നു. കമ്പനി നിലപാടിനെതിരെ വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ മനുമോഹന്‍ പറഞ്ഞു.
 
Top