മലപ്പുറം: കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കൊപ്പം മലപ്പുറവും ഇ-ജില്ലയായി. സര്‍ക്കാര്‍ ഓഫീസുകളിലെ നടപടികളിലുണ്ടാവുന്ന കാലതാമസം ഒഴിവാക്കാനായി ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇ-ജില്ല പദ്ധതികള്‍ക്ക് ജില്ലയിലും തുടക്കമായി. എന്നാല്‍ സേവനങ്ങള്‍ പൂര്‍ണമായ തോതില്‍ അപേക്ഷകന് ലഭിച്ചുതുടങ്ങണമെങ്കില്‍ ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കണം. ജില്ലാതല ഉദ്ഘാടനവും ഉണ്ടായിരിക്കും. ജില്ലയിലെ 135 വില്ലേജ് ഓഫീസുകളില്‍ 116 എണ്ണത്തില്‍ ഇതിനകം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 19 വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടറുകള്‍ ഉണ്ട്. ഇവര്‍ക്കും ലാപ്‌ടോപ്പ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വില്ലേജ് ഓഫീസുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില വില്ലേജ് ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്ഷനില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടി പരിഹരിച്ചശേഷമേ പൂര്‍ണതോതില്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കൂ.

തുടക്കത്തില്‍ റവന്യുവകുപ്പില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഐ.ടി മിഷന്‍, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, സി-ഡിറ്റ്, ഐ.ടി സെല്‍, റവന്യുവകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ അടിസ്ഥാന സാങ്കേതിക സംവിധാനമൊരുക്കും. ഇന്റര്‍നെറ്റ് സംവിധാനം എന്‍.ഐ.സിയും ഐ.ടി മിഷനും അക്ഷയയും ചേര്‍ന്ന് ഉറപ്പുവരുത്തും.

സേവനങ്ങള്‍ ലഭിക്കുന്നത്

സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും കോമണ്‍ ഫെസിലിറ്റി സെന്ററായ അക്ഷയ കേന്ദ്രം വഴി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ-ജില്ല.

അപേക്ഷകന്‍ വ്യക്തിഗത വിവരങ്ങളും അപേക്ഷയും അക്ഷയ കേന്ദ്രത്തില്‍ നല്‍കുമ്പോള്‍ തന്നെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി അപേക്ഷ പരിശോധിച്ച് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കും. സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ്ഔട്ട് എപ്പോള്‍ വേണമെങ്കിലും അക്ഷയ കേന്ദ്രത്തില്‍നിന്ന് വാങ്ങാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ അപ്പോള്‍ ലഭിക്കുന്ന നമ്പറിന്റെ സഹായത്തോടെ അപേക്ഷകന് ഏതൊരു സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ അക്ഷയ സെന്ററുകളില്‍നിന്ന് സ്‌കാന്‍ചെയ്ത് അപേക്ഷയോടൊപ്പം പ്രത്യേക വെബ്‌സൈറ്റിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്ക് അയക്കുന്നത്.


വിവരങ്ങള്‍ എസ്.എം.എസ് വഴി അറിയാം

അക്ഷയ സെന്ററുകള്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതുമുതല്‍ അത് സംബന്ധിച്ച് വിവരങ്ങള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ അറിയാനുള്ള സംവിധാനമുണ്ട്. അപേക്ഷ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുമ്പോഴും ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് അക്ഷയ സെന്ററുകളില്‍ എത്തുമ്പോഴും എസ്.എം.എസ് ആയി അപേക്ഷകന് വിവരം ലഭ്യമാക്കാനുള്ള സംവിധാനം പദ്ധതിയിലുണ്ട്.


ആദ്യഘട്ടത്തില്‍ 23 സര്‍ട്ടിഫിക്കറ്റുകള്‍

ഇ-ജില്ലാ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 23 സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനാണ് തീരുമാനം. ജാതി, വരുമാനം, സോള്‍വന്‍സി, തിരിച്ചറിയല്‍ ബന്ധുത്വം, കൈവശാവകാശം, കമ്മ്യൂണിറ്റി പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്‌മെന്റ്, മിശ്രവിവാഹം, ലൈഫ്, വിധവ/വിഭാര്യത്വം, അഗതി, ഡിപ്പന്‍ഡന്‍സി, നോണ്‍മാര്യേജ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചുതുടങ്ങുക.
 
Top