മലപ്പുറം: ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക ഡോക്ടറുടെ കുറിപ്പില്ലാതെ വില്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ജില്ലയില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി. മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി ആറ് മരുന്നുകടകളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ കടകളില്‍ അടുത്ത ദിവസം നോട്ടീസ് നല്‍കുമെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്‌കുമാര്‍ പറഞ്ഞു.
മെഡിക്കല്‍ ഷോപ്പുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില്പന നടത്തിയ ഗര്‍ഭച്ഛിദ്ര ഗുളികകളെ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ വന്‍തോതില്‍തന്നെ ഇത്തരം ഗുളികകള്‍ വിറ്റഴിക്കപ്പെട്ടതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് ടീമുകളായിട്ടായിരുന്നു പരിശോധന നടത്തിയത്.
കോഴിക്കോട് ഇന്റലിജന്‍സ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഷാജി വര്‍ഗീസ്, കോഴിക്കോട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്രന്‍, മുഹമ്മദ് സാലിഹ്, മലപ്പുറം ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ ഹരീഷ്‌കുമാര്‍, അനസ്, നീതു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.