എടപ്പാള്‍: സംസ്ഥാനപാതയില്‍ നിരന്തരം നടക്കുന്ന അപകടങ്ങള്‍ക്കും അതുമൂലമുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്കും മുഖ്യകാരണം ഭരണാധികാരികളുടെ അനാസ്ഥ. കണ്ടനകത്ത് ശനിയാഴ്ച അപകടമുണ്ടായ സ്ഥലത്ത് ആറുമാസത്തിനകം ഇത് മൂന്നാമത്തെ മരണമാണ്.

ഇതിന് മീറ്ററുകള്‍ക്കപ്പുറത്താണ് മാതൃഭൂമി ജീവനക്കാരായ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചത്.കണ്ടനകത്തെ അബു എന്നയാള്‍ ഓട്ടോറിക്ഷയിടിച്ച് മരിച്ചതും നരിപ്പറമ്പിലെ യുവാവ് ബൈക്കില്‍ ബസ്സിടിച്ച് മരിച്ചതും ഇതേസ്ഥലത്തായിരുന്നു. അന്നും ഇതുപോലെ ജനം വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയതാണ്.

എന്നാല്‍ അപകടം തടയാനായി ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായില്ല.

17 കിലോമീറ്റര്‍ അകലെയുള്ള പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കണ്ടനകം. 10 കിലോമീറ്റര്‍ അകലെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ ആരംഭിച്ച് വര്‍ഷങ്ങളായെങ്കിലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍ണയിച്ച ഈ പരിധി ഇനിയും മാറ്റിയിട്ടില്ല. അപകടം നടന്നാല്‍ പോലീസെത്താന്‍ വൈകുന്നതിന് മുഖ്യ കാരണം ഇതാണ്. ശനിയാഴ്ച പൊന്നാനി സ്റ്റേഷനിലെ ഫോണ്‍ തകരാറിലായതും പ്രശ്‌നം ഗുരുതരമാക്കി.

മറ്റൊരു സംവിധാനമുള്ളത് ഹൈവേ പോലീസാണ്. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്ന് നാല് ടയറുകളും നശിച്ച്, ബാറ്ററിയില്ലാത്തതിനാല്‍ തള്ളിയാല്‍ മാത്രം സ്റ്റാര്‍ട്ടാകുന്ന ഒരു ജീപ്പാണ് ഹൈവേയില്‍ സേവിക്കാനായി അധികാരികള്‍ നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം കണ്ണഞ്ചിറയില്‍ അപകടമരണമുണ്ടായ സമയത്ത് സ്ഥലം സന്ദര്‍ശിച്ച പോലീസ് മേധാവിയോട് മാധ്യമപ്രവര്‍ത്തകര്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോള്‍ കുറച്ച്ദിവസം ഇവര്‍ക്ക് പുതിയ വാഹനം അനുവദിച്ചിരുന്നു. പിന്നീട് പഴയ പടിയായി.
 
Top