തിരൂര്‍ റെയില്‍വെസ്റ്റേഷനില്‍ തിങ്കളാഴ്ച വൈകുന്നേരം ക്രൈം ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു. പോലീസും റെയില്‍വെ പോലീസും തമ്മിലുള്ള പിടിവലി. റെയില്‍വെ പോലീസിനെ തട്ടിയിട്ട് എ.ആര്‍. പോലീസുകാരന്റെ ഓട്ടം. ഇയാളെ ഓടിച്ചിട്ടു പിടിക്കല്‍... കാഴ്ചക്കാരായി ഒട്ടേറെ നാട്ടുകാരും.
തിങ്കളാഴ്ച വൈകീട്ട് പുണെ-എറണാകുളം എക്സ്പ്രസ്സിലെ യാത്രക്കാരോട് കയര്‍ത്തുസംസാരിച്ച മലപ്പുറം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനാണ് റെയില്‍വെ സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. യാത്രക്കാരെ ശല്യംചെയ്ത പോലീസുകാരന്‍ തിരൂരില്‍ ഇറങ്ങി. ഒപ്പം വിഷമങ്ങള്‍ നേരിട്ട യാത്രക്കാരും. പ്ലാറ്റ്‌ഫോമില്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂത്തു. ഒരു പ്രതിയുമായി തീവണ്ടി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ രണ്ട് പോലീസുകാരോട് നാട്ടുകാര്‍ പരാതിപ്പെട്ടു. താനും പോലീസുകാരനാണെന്ന് പ്രശ്‌നമുണ്ടാക്കിയ പോലീസുകാരന്‍ പറഞ്ഞതോടെ ഇവര്‍ നാട്ടുകാരെ കൈയൊഴിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ തിരൂര്‍ ആര്‍.പി.എഫ്. ഔട്ട്‌പോസ്റ്റില്‍ വിവരമറിയിച്ചു. ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ പോലീസുകാരനെ പിടികൂടാനെത്തി. അതോടെ ഇയാള്‍ ആര്‍.പി.എഫുകാരനെ തട്ടിമാറ്റി ഓടാന്‍ ശ്രമിച്ചു. ആര്‍.പി.എഫുകാരന്‍ മലര്‍ന്നടിച്ച് പ്ലാറ്റ്‌ഫോമില്‍ വീണു. തുടര്‍ന്ന് ആര്‍.പി.എഫുകാരന്‍ എ.ആര്‍. പോലീസുകാരന്റെ കാലില്‍ പിടിച്ചുതൂങ്ങി. മറ്റൊരു ആര്‍.പി.എഫ്കാരന്‍ എത്തിയാണ് പ്രശ്‌നക്കാരനായ പോലീസുകാരനെ പിടികൂടിയത്. ഇയാളെ പിന്നീട് തിരൂര്‍ പോലീസിന് കൈമാറി.