താക്കീത് നല്‍കിയും ഗുണദോഷിച്ചും ജനമൈത്രി പോലീസ്
മമ്പാട്: മമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ അഞ്ചും രണ്ടാംവര്‍ഷ ക്ലാസിലെ ഒരു വിദ്യാര്‍ഥിക്കും പരിക്കേറ്റു. കൈക്കും തലയ്ക്കും കണ്ണിനുമൊക്കെ പരിക്കേറ്റ കുട്ടികള്‍ നിലമ്പൂര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സ തേടി. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികളില്‍നിന്ന് മൊഴി എടുത്തതായും അന്വേഷണം നടക്കുന്നതായും നിലമ്പൂര്‍ പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ സ്‌കൂള്‍ പരിസരത്താണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ജൂനിയേഴ്‌സ് സീനിയേഴ്‌സിനെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ മുമ്പേ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കും തര്‍ക്കവും അടിപിടിയും നടന്നു. ഇതേത്തുടര്‍ന്ന് രണ്ടാം വര്‍ഷക്കാരായ ചില വിദ്യാര്‍ഥികള്‍ ടാണ, തോട്ടിന്റക്കര എന്നിവിടങ്ങളില്‍നിന്ന് ആളെക്കൂട്ടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഒന്നാംവര്‍ഷക്കാര്‍ പറയുന്നു. മൂന്ന് ബൈക്കുകളിലായി ഒമ്പതംഗ സംഘമാണ് മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസ് 200ഓളം വിദ്യാര്‍ഥികള്‍ക്ക് താക്കീതും ഗുണപാഠവും പകര്‍ന്നു. പുറത്തുനിന്നുള്ള ഇടപെടല്‍ ഒരു നിലയ്ക്കും അംഗീകരിക്കില്ലെന്ന കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ക്കും മറ്റും മുന്‍കൈയെടുക്കുമെന്നും പോലീസ് പറഞ്ഞു. സ്‌കൂളില്‍ ഇതിനായി സൗകര്യമൊരുക്കും. വെള്ളിയാഴ്ച അടിപിടിയില്‍ ഉള്‍പ്പെട്ടവരുടെ രക്ഷിതാക്കളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കും.