എടപ്പാള്‍: പ്രവര്‍ത്തിക്കുന്ന മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കും ടിക്കറ്റുനല്‍കാത്ത ബസ്സുകള്‍ക്കുമെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. ഒരുദിവസം നടന്ന പരിശോധനയില്‍ 32 ഓട്ടോറിക്ഷകള്‍ക്കും ഏഴു ബസ്സുകള്‍ക്കുമെതിരെ കേസ്സെടുത്തു.
പൊന്നാനി താലൂക്ക് വികസനസമിതിയില്‍ വന്ന പ്രധാനപ്പെട്ട രണ്ടുപരാതികള്‍ എന്ന നിലയിലാണ് എ.എം.വി.ഐ. അനസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയത്.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയാക്കിയെങ്കിലും ഓട്ടോകള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും അതു ചെയ്തുകൊടുത്തു തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ പൊന്നാനി നഗരസഭയിലെ ഓട്ടോറിക്ഷകളും തോന്നിയപോലെ ചാര്‍ജ്ജ് വാങ്ങുന്നതായാണ് വ്യാപക പരാതി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് 50 ഓട്ടോറിക്ഷകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രവര്‍ത്തിക്കാത്തതും അഴിച്ചുമാറ്റിയതുമായ മീറ്ററുകളുമായി 32 വണ്ടികള്‍ പിടികൂടിയത്. ചാര്‍ജ്ജ് മാറ്റിയിട്ടില്ലെങ്കിലും പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസ്സപകടമുണ്ടായാല്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പോലും ലഭിക്കില്ലെന്നതു കണക്കിലെടുത്തുകൂടിയാണ് ബസ്സുകളില്‍ പരിശോധന നടന്നത്. എടപ്പാള്‍- പൊന്നാനി റൂട്ടിലോടുന്ന ഏഴു ബസ്സുകള്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം 15 രൂപയാക്കി മീറ്ററുകള്‍ മാറ്റാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നല്‍കാതെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിനു കാരണമായിരുന്നു.