തിരൂര്‍: ഹെല്‍മെറ്റ് ധരിച്ച് ബൈക്കോടിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് സുരക്ഷയെ കുറിച്ചുള്ള പുസ്തകങ്ങളടങ്ങിയ ഫയലുകള്‍ സമ്മാനമായി നല്‍കി ആദരിക്കാന്‍ തുടങ്ങി. പൊതുജനങ്ങളില്‍ ഹെല്‍മെറ്റിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും നിയമം അംഗീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പദ്ധതി തുടങ്ങിയത്.

ബുധനാഴ്ച തിരൂര്‍-ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ ഹെല്‍മെറ്റ് ധരിച്ച് ബൈക്കോടിച്ചവര്‍ക്ക് ഫയലുകള്‍ സമ്മാനം നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 100 പേര്‍ക്കാണ് ബുധനാഴ്ച സമ്മാനം നല്‍കിയത്. വ്യാഴാഴ്ചയും സമ്മാനവിതരണം തുടരും. ചടങ്ങില്‍ എം.വി.ഐ എം.വി. ദിലീപ് കുമാര്‍, എ.എം.വി.ഐ. മാരായ അബ്ദുല്‍സലാം, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. 

നിയമം ലംഘിച്ച് ബൈക്കോടിക്കുന്നവരെക്കുറിച്ച് 'മാതൃഭൂമി' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് തിരൂരില്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും ചേര്‍ന്ന് ഹെല്‍മെറ്റ് കര്‍ക്കശമാക്കിയത്. ഇതിനകം നിയമലംഘനത്തിന് നൂറുകണക്കിന് ബൈക്കുകള്‍ തിരൂര്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയിരുന്നു.

 
Top