മലപ്പുറം: സമഗ്രജനസേവന ദൗത്യവുമായി തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൈത്താങ്ങുമായി സമൂഹത്തിലേക്ക് ഇറങ്ങിവരുന്നു.ഇതിന്റെ ഭാഗമായി ഡിസംബര്‍ 12 ന് പകല്‍ 12 ന് 12 വേദികളിലായി 12 സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.പദ്ധതികള്‍ 12 ജനപ്രതിനിധികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് മദ്യ-മാലിന്യ മുക്ത നാട് എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉദ്ഘാടനം ചെയ്യും. 12-ാം ക്ലാസ് കഴിഞ്ഞ 12 നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് 1.25 ലക്ഷം ഫീസുവരുന്ന ടെക്‌നിക്കല്‍ കോഴ്‌സിലേക്ക് സൗജന്യ പ്രവേശനം,12 അവശര്‍ക്ക് സൗജന്യ ചികിത്സ,12 വൃദ്ധരെ ആദരിക്കല്‍,വികലാംഗര്‍ക്ക് സഹായ ഉപകരണ വിതരണം, നിര്‍ധനരായ വിധവകള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങി 12 ഇന കാര്യങ്ങള്‍ക്ക് തുടക്കമാകും.പരിപാടിയുടെഭാഗമായി 12 വിഭാഗം അതിഥികളുടെ സാന്നിധ്യവും ഒരുക്കും.

ജനസേവന ദൗത്യം ജനങ്ങളിലെത്തിക്കുന്നതിനായി സേവന വണ്ടിയും സ്‌കൂള്‍ കുട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്.ശനിയാഴ്ച രാവിലെ മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.വാഹനാപകടം,ലഹരിക്കെതിരെ ബോധവത്കരണം,മാലിന്യമുക്ത പരിസ്ഥിതി സൗഹൃദ നാടിനായി സന്ദേശ പ്രചാരണം തുടങ്ങിയവയും ഉണ്ട്.വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനമാണ് കുട്ടികള്‍ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ അധ്യാപകനും കൈത്താങ്ങ് പദ്ധതി കോ-ഓര്‍ഡിനേറ്ററുമായ പി.മുഹമ്മദ് ഹസ്സന്‍,സ്‌കൂള്‍ ലീഡര്‍ ജിയാസ് പി.വി,സ്‌കൂള്‍ വിദ്യാര്‍ഥികളായ ആദര്‍ശ്.ടി, ഇന്ദ്രജിത്ത് കെ.ടി, അധ്യാപകന്‍ എം.വി. ദിലീപ് എന്നിവര്‍ പങ്കെടുത്തു.
 
Top