വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് വൈസ്​പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ മുസ്‌ലിംലീഗംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ ശനിയാഴ്ച ചര്‍ച്ച നടക്കാനിരിക്കെ വൈസ്​പ്രസിഡന്റ് ഇ.പി. സുബൈദ രാജിവെച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയില്‍ ലീഗ് നേതൃത്വം കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ വൈസ്​പ്രസിഡന്റ് ഒപ്പുവെച്ചതിന്റെ പേരിലാണ് ലീഗും കോണ്‍ഗ്രസ്സും തമ്മിലിടഞ്ഞത്. പഞ്ചായത്ത് ബോര്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ അനര്‍ഹരായവരെ ഉള്‍പ്പെടുത്തി കൃത്രിമം കാണിച്ചുവെന്ന് കാട്ടി വൈസ്​പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ ഒപ്പുവെച്ച പരാതി വകുപ്പുമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുകയായിരുന്നു. ഇതേപരാതി കോണ്‍ഗ്രസ് പഞ്ചായത്ത് നേതൃത്വം വിജിലന്‍സിനും നല്‍കി. ഈ രണ്ട് പരാതിയിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ നാലിന് നടന്ന ഉപതിരഞ്ഞെടുപ്പിലും ചേരിതിരിവ് രൂക്ഷമായിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വൈസ്​പ്രസിഡന്റ് രാജിവെക്കണമെന്ന് ഉഭയകക്ഷി ധാരണയുണ്ടായിരുന്നതായി മുസ്‌ലിംലീഗ് പഞ്ചായത്ത് നേതൃത്വം പറയുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ രാജിവെക്കാതിരുന്നതിനാലാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു. അതേസമയം 18-ാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമ്പോള്‍ യാതൊരു ഉപാധിയും ഉണ്ടായിരുന്നില്ലെന്നും ഈ ആവശ്യം ലീഗ് ഉന്നയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പഞ്ചായത്ത് നേതൃത്വം പറയുന്നു.

നീതിക്കും ന്യായത്തിനുംവേണ്ടി മാത്രമേ നിലനിന്നിട്ടുള്ളൂവെന്നും അതിന്റെ പേരില്‍ പദവികള്‍ നഷ്ടമാവുന്നതില്‍ വേദനയില്ലെന്നും ജനപ്രതിനിധിയായി തുടരുമെന്നും ഇ.പി. സുബൈദ പ്രതികരിച്ചു.
 
Top