മലപ്പുറം - മൂടാല്‍ ബൈപ്പാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സജീവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോട്ടയ്ക്കല്‍ എം.എല്‍.എ എം.പി. അബ്ദുസ്സമദ് സമദാനി അറിയിച്ചു.

കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

ലെന്‍സ്‌ഫെഡ് ബൈപ്പാസിനായി രൂപരേഖ ഉണ്ടാക്കുന്നതിന് മുമ്പുതന്നെ താന്‍ അവതരിപ്പിക്കുകയും ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്ത പദ്ധതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസിനെക്കുറിച്ചുള്ള വിശദപഠനവും സര്‍വെയും നടന്നിട്ടുണ്ട്. ദേശീയപാത 17നെയും 213നെയും ബന്ധിപ്പിക്കുന്നതാകും ബൈപ്പാസ്.

പൊന്നാനി ഉള്‍പ്പെടെ തീരദേശമേഖലയിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്കും തിരിച്ചും വളരെ എളുപ്പത്തിലും വേഗത്തിലും എത്താന്‍ സഹായിക്കുന്നതാകും പാത.

ബൈപ്പാസിനായുള്ള 20 കി.മി ദൂരം സര്‍വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും 30 മീ വീതിയിലാണ് നാലുവരിപ്പാതയായി ബൈപ്പാസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അബ്ദുള്‍ബഷീര്‍ അറിയിച്ചു.

എട്ട് മീറ്ററില്‍ കുറവ് വീതിയുള്ള മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട 250 മീറ്റര്‍ ദൂരത്താണ് ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരിക. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

ബൈപ്പാസിനായി സര്‍ക്കാറില്‍ സമര്‍ദം ചെലുത്തുമെന്ന് മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള അറിയിച്ചു. ബൈപ്പാസിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതായുണ്ടെന്നും പിന്നീട് പ്രതികരിക്കാമെന്നും കുറ്റിപ്പുറം എം.എല്‍.എ കെ.ടി. ജലീല്‍ അറിയിച്ചു.
 
Top