കരിപ്പൂര്‍: തീവ്രവാദബന്ധമുള്ള കള്ളനോട്ട് കേസിലെ പ്രതി മലപ്പുറം മാറഞ്ചേരി താമലശ്ശേരി മണ്ണുപറമ്പില്‍ അബ്ദുള്‍ മജീദില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചതായി സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നുള്ള ദുബായ്- കൊച്ചിന്‍ എയര്‍ ഇന്ത്യാ എക്‌സ്​പ്രസ്സ് വിമാനത്തിലാണ് അബ്ദുള്‍ മജീദിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഹൈദരാബാദില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് അബ്ദുള്‍മജീദിനെ ഏറ്റുവാങ്ങി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്. കൊച്ചിയില്‍ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷം ചോദ്യംചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ലഷ്‌ക്കര്‍ ബന്ധമുള്ള ചില സംഘടനകളുടെയും നിരോധിത സംഘടനയായ സിമിയുടെയും രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് കള്ളനോട്ടുകള്‍ കേരളത്തിലേക്ക് കടത്തിയതെന്ന് അബ്ദുള്‍മജീദില്‍ നിന്ന് സൂചന ലഭിച്ചെന്നറിയുന്നു. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായും മുംബൈ അധോലോകവുമായും ബന്ധമുള്ളയാളാണ് അബ്ദുള്‍ മജീദ്. കേരളത്തിലെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അബ്ദുള്‍മജീദില്‍നിന്ന് ലഭിക്കുമെന്ന് എന്‍.ഐ.എ കരുതുന്നു.

2008 ആഗസ്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 72.5 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തതാണ് കേസിനാസ്​പദമായ സംഭവം. പാകിസ്താനില്‍ അച്ചടിച്ച കള്ളനോട്ടുകളായിരുന്നു ഇവ. 2010ല്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. പാകിസ്താനില്‍ അച്ചടിച്ച് ദുബായില്‍ എത്തിച്ചശേഷം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കടത്തിയ കള്ളനോട്ടുകളില്‍പ്പെട്ടവയാണ് ഇവയെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമാണ് ഇതിന് പിന്നിലെന്നാണ് എന്‍.ഐ.എ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അബൂബക്കറിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ എന്‍.ഐ.എ അറസ്റ്റ്‌ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. അബൂബക്കറില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുംബൈ സ്‌ഫോടനക്കേസിലെ പ്രതി മുംബൈ സ്വദേശി താഹിര്‍ മെര്‍ച്ചന്റ് എന്ന തക്യയയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി കൂടിയായിരുന്നു താഹിര്‍ മര്‍ച്ചന്റ്. താഹിര്‍ മര്‍ച്ചന്റ് ഉള്‍പ്പെടെയുള്ള പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചിരുന്നു. താഹിര്‍ മര്‍ച്ചന്റില്‍ നിന്ന് മറ്റൊരു അന്താരാഷ്ട്ര കുറ്റവാളിയും ദാവൂദിന്റെ സഹോദരനുമായ അനീസ ഇബ്രാഹിം, അന്താരാഷ്ട്ര കുറ്റവാളിയായ അഫ്താബ് ബട്കി, അബ്ദുള്‍ മജീദ് എന്നിവര്‍ക്ക് കേസില്‍ ബന്ധമുള്ളതായിവ്യക്തമായി. അബ്ദുള്‍ മജീദിന്റെ പേരില്‍ നേരത്തേതന്നെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത് ഇന്റര്‍പോളിനുള്ള റെഡ് കോര്‍ണര്‍ നോട്ടീസായി എന്‍.ഐ.എ പുതുക്കി. പുതുതായി രൂപംകൊണ്ട ചില തീവ്രവാദ സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് എന്‍.ഐ.എ കരുതുന്നു.
 
Top