മലപ്പുറം: ജില്ലാ ആസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന് കേരള നിയമസഭയില്‍ മന്ത്രിയുടെ മറുപടി. മലപ്പുറം- തിരൂര്‍ പാതയില്‍ കോട്ടപ്പടി ജങ്ഷന്‍ വീതികൂട്ടുന്ന പദ്ധതി അടിയന്തര പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടിയുളള ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് അറിയിച്ചത്. പി. ഉബൈദുള്ളയാണ് ചോദ്യം ഉന്നയിച്ചത്.

കോട്ടപ്പടി ജങ്ഷന്‍മുതല്‍ വടക്കേമണ്ണ വരെയുളള ഭാഗങ്ങളാണ് വീതികൂട്ടുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. വടക്കേമണ്ണ മുതല്‍ സെന്‍ട്രല്‍ സ്‌കൂള്‍- കോട്ടപ്പടി ബൈപ്പാസ് ജങ്ഷന്‍ വരെയുളള ഭാഗങ്ങളില്‍ ആവശ്യമായ സ്ഥലം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. നൂറടിപ്പാലത്തിന്റെ അപ്രോച്ച്‌റോഡില്‍പ്പെടുത്തിയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ബൈപ്പാസിലെ ഇരു ജങ്ഷനുകള്‍ക്കുമിടയിലുളള സ്ഥലമേറ്റെടുപ്പ് ഭാഗികമായി പൂര്‍ത്തിയായിട്ടുമുണ്ട്. ബാക്കിയുളള ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ മികച്ച വിധത്തില്‍ നടന്നുവരികയാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
 
Top