0

തേഞ്ഞിപ്പലം: കൂടംകുളം പദ്ധതി കേരളത്തിലെ വൈദ്യുതിക്ഷാമം ഇല്ലാതാക്കുമെന്നും പദ്ധതിയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയാണ് വേണ്ടതെന്നും സി.പി.എം നേതാവ് എ.കെ. ബാലന്‍ എം.എല്‍.എ. കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് പഠന ചെയര്‍ സംഘടിപ്പിച്ച കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ എന്ന സെമിനാറിലെ പശ്ചാത്തല വികസനം എന്ന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യയാണ് ജെയ്താപൂര്‍ ആണവനിലയത്തില്‍ നടക്കുന്നത്. അതുകൊണ്ടാണ് എതിര്‍പ്പുകളുണ്ടായത്. കൂടംകുളം വേറെ ഗണത്തില്‍പ്പെടുന്നതാണ്. ഫുക്കൂഷിമ ദുരന്തം നടന്നതോടെയാണ് കൂടംകുളത്തെ ജനങ്ങള്‍ക്ക് ഭീതിയുണ്ടായത്. എന്നാല്‍ മുന്‍ രാഷ്ട്രപതി അടക്കമുള്ള ശാസ്ത്രരംഗത്തെ വിദഗ്ധര്‍ ഒരപകടവും ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. സുനാമിയുടെ ഭാഗമായി റിയാക്ടറിലേക്ക് ഹൈഡ്രജന്‍ കടന്നതുകൊണ്ടാണ് ഫുക്കൂഷിമയില്‍ അപകടമുണ്ടായത്. എന്നാല്‍ കൂടംകുളത്ത് ഹൈഡ്രജന്‍ വാതകം കടക്കാത്ത രീതിയിലുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും എ.കെ. ബാലന്‍ പറഞ്ഞു.
ഡോ. മുഹമ്മദ്ഷാഫി അധ്യക്ഷത വഹിച്ചു. ഗതാഗതം എന്ന വിഷയത്തില്‍ ടി. ഇളങ്കോവനും വാര്‍ത്താവിനിമയം എന്ന വിഷയത്തില്‍ ഡി. ദാമോദര പ്രസാദും പ്രബന്ധമവതരിപ്പിച്ചു. കെ. വിശ്വനാഥ് സ്വാഗതവും ടി. സബീഷ് നന്ദിയും പറഞ്ഞു. ജീവിത രീതിയും ആരോഗ്യവും എന്ന സെഷനില്‍ ഡോ. എ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. ജീവിത ശൈലിയും രോഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ടി. ജയകൃഷ്ണന്‍ പ്രബന്ധമവതരിപ്പിച്ചു. പി. ഒമര്‍ സ്വാഗതവും യു. മുരളീധരന്‍ നന്ദിയും പറഞ്ഞു.

Post a Comment

 
Top