
പെരിന്തല്‍മണ്ണ: പാലക്കാടിനും മലപ്പുറത്തിനും ഇടയില്‍ യാത്രയ്ക്കിടെ കാണാതായ യുവ വ്യാപാരിയെ പോലീസ് കണ്ടെത്തി. കാണാതായ സംഭവം യുവാവ് കെട്ടിച്ചമച്ചതാണെന്ന് പോലീസ്. അറവങ്കരയില്‍ ബേക്കറി നടത്തുന്ന മുഹമ്മദ് ബഷീറിനെ(39)യാണ് യാത്രയ്ക്കിടയില്‍ കാണാതായതായി ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം കാറില്‍ പാലക്കാട്ടേക്ക് പോയ മുഹമ്മദ്ബഷീര്‍ രാത്രി എട്ടിന് ഭാര്യയെ ഫോണില്‍ വിളിച്ച് പാലക്കാട്ടുനിന്നും മടങ്ങിവരികയാണെന്ന് അറിയിച്ചിരുന്നു. രാത്രി 12 മണിയോടെ മലപ്പുറത്തുള്ള സുഹൃത്തിനെ വിളിച്ച് പാലക്കാട്ടുനിന്നും വരികയാണെന്നും ഒരു ഇന്നോവകാര്‍ തന്നെ പിന്തുടരുന്നതായും തന്റെ കൈയില്‍ കുറെ പണമുള്ളതായും അറിയിച്ചിരുന്നു.
കുറച്ചുകഴിഞ്ഞ് സുഹൃത്ത് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരുന്നു. രാവിലെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് ബഷീറിനെ തിരഞ്ഞപ്പോള്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആസ്പത്രിക്ക് സമീപം ബഷീറിന്റെ കാര്‍ കണ്ടെത്തി. സമീപത്ത് ബഷീറിന്റെ ചെരിപ്പും കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ എറണാകുളത്തുനിന്നും കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കാണാതായ മുഹമ്മദ്ബഷീറിന് രണ്ട് കോടി രൂപയോളം ബാധ്യതയുണ്ട്. കാണാതാവുന്നതിന് പിറ്റേദിവസം 24 ലക്ഷം രൂപയോളം കടം വീട്ടാനുണ്ടായിരുന്നു. ബഷീറിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ടാണ് ഇത്തരം ഒരു കഥ മെനഞ്ഞത്. ഇക്കാര്യം മുഹമ്മദ്ബഷീര്‍ സമ്മതിച്ചിട്ടുമുണ്ട്.
സംഭവദിവസം ഇ.എം.എസ് ആസ്പത്രിയുടെ സമീപം കാര്‍ ഉപേക്ഷിച്ച ബഷീര്‍ എറണാകുളം ലിസി ആസ്പത്രിക്ക് സമീപമുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു. രണ്ട് ദിവസം കഴിഞ്ഞ് മലപ്പുറത്തെ സുഹൃത്തിനെവിളിച്ച് ഇന്നോവ കാറില്‍ വന്നവര്‍ തന്നെ കുറെ ഉപദ്രവിച്ചെന്നും പണം തട്ടിയെടുത്തെന്നും പറഞ്ഞു. ബഷീറിന്റെ ഫോണ്‍ വന്ന വിവരം സുഹൃത്ത് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബഷീറിനെ എറണാകുളം ലിസി ആസ്പത്രിക്ക് സമീപം വെച്ച് കണ്ടെത്തിയത്. പെരിന്തല്‍മണ്ണയില്‍ എത്തിച്ച യുവാവിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ മനോജ് പറയട്ട എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബഷീറിനെ കണ്ടെത്താനായത്.
Post a Comment