0
മലപ്പുറം: വില്പനനികുതി ഇളവ് പരിധി 60 ലക്ഷം രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ സം സ്ഥാനത്ത് കോഴിക്കൃഷി അസാധ്യമായിത്തീരുമെന്ന് ഫാം ഉടമകളുടെ സംഘടന. ഇപ്പോള്‍ 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിറ്റുവരവ് പരിധി. ഇതനുസരിച്ച് നികുതിയിളവ് ലഭിക്കുന്ന രീതിയില്‍ 1000 കോഴികളെ മാത്രമേ ഒരുബാച്ചില്‍ വളര്‍ത്താനാവൂ. നികുതിയിളവ് പരിധി 60 ലക്ഷമാക്കിയാല്‍ 5000 കോഴികളെ വളര്‍ത്തി വിതരണത്തിനെത്തിക്കാനാവും. 13.5 ശതമാനം വില്പന നികുതി കൊടുത്ത് കോഴിക്കൃഷി ചെയ്യാന്‍ ഫാം ഉടമകള്‍ക്ക് കഴിയില്ല. കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍നിന്നുള്ള കോഴികള്‍ വന്‍തോതില്‍ നികുതിവെട്ടിച്ച് സംസ്ഥാനത്തേക്ക് വരുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പ്രവേശന നികുതി അഞ്ചുശതമാനമായി കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം.കോഴിക്കൃഷിയെ കാര്‍ഷികവൃത്തിയില്‍പ്പെടുത്താമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം പാലിക്കണം. കോഴിത്തീറ്റ ചാക്കിന് 600 രൂപയാണ് വര്‍ധിച്ചത്. തീറ്റയില്‍ ചേര്‍ക്കുന്ന സാധനങ്ങള്‍ക്ക് വില പകുതിയായി കുറഞ്ഞിട്ടും തീറ്റയുടെ വില കുറയ്ക്കുന്നില്ല. -അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അബ്ബാസ് കരിങ്കറ, ട്രഷറര്‍ സെയ്ത് മണലായ, എ.പി.കാദറലി, ഹൈദര്‍ ഉച്ചാരക്കടവ്, എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

 
Top