0



തിരൂരങ്ങാടി: ദേശീയ പാതയില്‍ ഗതാഗത തടസ്സം പതിവായ വെന്നിയൂര്‍ അങ്ങാടിയിലെ ബസ്‌സ്റ്റോപ്പുകള്‍ മാറ്റുന്നു. ഉദ്യോഗസ്ഥരും പഞ്ചായത്ത് - രാഷ്ട്രീയ പ്രതിനിധികളും ചേര്‍ന്ന സംയുക്ത സമിതി വെന്നിയൂര്‍ അങ്ങാടി സന്ദര്‍ശിച്ചാണ് തീരുമാനമെടുത്തത്.
ഇരുഭാഗത്തേക്കും നിലവിലുള്ള ബസ്‌സ്റ്റോപ്പുകള്‍ അങ്ങാടിയില്‍ അല്‍പ്പം മുന്നോട്ടുമാറ്റി സ്ഥാപിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.അഹമ്മദ്കുട്ടി ഹാജി പറഞ്ഞു. പഞ്ചായത്തിന്റെ കോണ്‍ക്രീറ്റ് റോഡ് വീതികൂട്ടി വലിയ വാഹനങ്ങള്‍ക്ക് അങ്ങാടിയിലെത്താതെ ദേശീയ പാതയിലേക്ക് കയറുന്നതിനുള്ള സാധ്യതയും പരിഗണനയിലാണ്. 
ഇതിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരും. കൂടുതല്‍ നിര്‍ദേശങ്ങള്‍ വ്യാപാരികളുമായും രാഷ്ട്രീയ പ്രതിനിധികളുമായും ചര്‍ച്ച ചെയ്യും.
വീതികുറഞ്ഞറോഡും റോഡിനോട് ചേര്‍ന്ന കച്ചവട സ്ഥാപനങ്ങളുമുള്ള വെന്നിയൂരില്‍ ഗതാഗത സ്തംഭനം പതിവാണ്. ദേശീയപാതയില്‍നിന്ന് തെയ്യാല റോഡിലേക്ക് വാഹനങ്ങള്‍ തിരിക്കുമ്പോള്‍ ഇത് ഇരട്ടിയാകും. 
ഈ പ്രശ്‌നം കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി പി.കെ.അബ്ദുറബ്ബും ഉന്നയിച്ചിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിഹാര നടപടികള്‍ക്കായി സംഘം സ്ഥലം സന്ദര്‍ശിച്ചത്. തഹസില്‍ദാര്‍ പി. സുരേന്ദ്രന്‍, എ.എം.വി.ഐ എം.കെ. പ്രമോദ് ശങ്കര്‍, പി.ഡബ്ല്യുഡി അസി എന്‍ജിനിയര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Post a Comment

 
Top