
നിലമ്പൂര്‍: കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിറ്റ സ്ഥാപനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി താലൂക്കാസ്പത്രി ഓഫീസ് ഉപരോധിച്ചു. താലൂക്കാസ്പത്രി ഗുണഭോക്തൃസംരക്ഷണ സമിതിയുടെ നേതൃത്വത്തിലും യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലും ആസ്പത്രിയിലേക്ക് മാര്‍ച്ച്‌നടത്തി.
രാവിലെ ഒമ്പതുമണിയോടെയാണ് ഡിവൈഎഫ്‌ഐ താലൂക്കാസ്പത്രി ഓഫീസ് ഉപരോധിച്ചത്. പത്തുമണിയോടെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരെ തുറക്കാന്‍ അനുവദിച്ചില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എത്തി പ്രശ്‌നം ചര്‍ച്ച ചെയ്താല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് നേതാക്കള്‍ വ്യക്തമാക്കി. പതിനൊന്നരയോടെ ഡെ.ഡിഎംഒ ആസ്പത്രിയിലെത്തി ഡിവൈഎഫ്‌ഐ നേതാക്കളെ ആസ്പത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.
ചര്‍ച്ച നടന്നുകൊണ്ടിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആസ്പത്രി പരിസരത്തെത്തി. ഡി.വൈ.എഫ്.ഐക്ക് സമാന്തരമായി മുദ്രാവാക്യംവിളി തുടര്‍ന്നു. അതിനിടെ പ്രവര്‍ത്തകരും നേതാക്കളും ചര്‍ച്ച നടത്തുന്നിടത്തെത്തി ഡെ.ഡി.എം.ഒ. ഡോ. രേണുകയെ ഘെരാവോ ചെയ്തു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ ഡെ.ഡിഎം.ഒ.ക്ക് സമര്‍പ്പിച്ചു.
ഡി.വൈ.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കേണ്ടത് ആരോഗ്യവകുപ്പ് ഡയറക്ടറായതിനാല്‍ ഡി.എം.ഒ. ശുപാര്‍ശ ചെയ്യാമെന്ന് ഉറപ്പ്‌നല്‍കി. മറ്റുകാര്യങ്ങള്‍ ഡി.എം.ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്തതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളിലറിയിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉറപ്പ് നല്‍കി. കാരുണ്യ/ജനതാഫാര്‍മസിയെപ്പറ്റി എച്ച്എംസിയില്‍ തീരുമാനമെടുക്കാന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സമരകോലാഹലങ്ങള്‍ കഴിഞ്ഞ് ആസ്പത്രി പരിസരം ശാന്തമായത്.
Post a Comment