0


കാളികാവ്: കനത്ത മഴയില്‍ കാളികാവില്‍ പുഴ കരകവിഞ്ഞ് 10 വീടുകള്‍ വെള്ളത്തിലായി. അടയ്ക്കാക്കുണ്ടില്‍ അഞ്ച് വീടുകളില്‍ വെള്ളം കയറി. സംസ്ഥാനപാതയിലെ മങ്കുണ്ടില്‍ പുഴ കരകവിഞ്ഞ് വെള്ളംമൂടി. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം മുടങ്ങി. അഞ്ചച്ചവിടി-മൂച്ചിക്കലിലും മരംവീണ് ഗതാഗതം മുടങ്ങി.

അടയ്ക്കാക്കുണ്ട് പാലത്തിന് സമീപം പുല്ലാണി സത്താര്‍, പുല്‍പെറ്റ ഉണ്ണികൃഷ്ണന്‍, പുതിയത്ത് രവീന്ദ്രന്‍, നെച്ചിയോടന്‍ ചെറിയോന്‍, മുരിങ്ങാപറമ്പന്‍ അലവി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പാലത്തിന് സമീപം സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ വെള്ളം നേരെ വീടുകളിലെത്തുകയായിരുന്നു. വീടുകളും പരിസരവും വെള്ളം മൂടിയതോടെ പിഞ്ചുകുട്ടികളടക്കം സത്താറിന്റെ കുടുംബം അയല്‍വാസിയായ സി.എച്ച്. റഷീദിന്റെ വീട്ടില്‍ അഭയംതേടി.

കാളികാവ് പുഴ കരകവിഞ്ഞതിനാല്‍ നിലമ്പൂര്‍-കാളികാവ് റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വാഹനങ്ങള്‍ അമ്പലക്കടവ്-പള്ളിശ്ശേരി ഭാഗത്തുകൂടി തിരിച്ചുവിട്ടു.

മങ്കുണ്ടില്‍ കാളികാവ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് താഴെ ഭാഗത്തേക്കും വെള്ളം കയറി. ഇവിടെ ഏതാനും ബംഗാളി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. വെള്ളം കയറിയത് ഇവരെ ദുരിതത്തിലാക്കി.

കാളികാവിലും പരിസരങ്ങളിലും കനത്ത മഴയില്‍ വൈദ്യുതി വിതരണവും മുടങ്ങി.

Post a Comment

 
Top