
കാളികാവ്: കളമെഴുത്ത് എന്ന ശ്രേഷ്ഠമായ ദേവകല കൈമോശം വരാതിരിക്കാന്‍ കുറുപ്പുമാര്‍ ഊരുചുറ്റുകയാണ്. മഞ്ചേരി കരിക്കാട് പടിഞ്ഞാറയില്‍ കുറുപ്പുമാരുടെ കുടുംബത്തില്‍പ്പെട്ടവരാണ് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ക്ഷേത്രത്തില്‍ കളംപാട്ടിന് നേതൃത്വം നല്‍കുന്നത്.
പടിഞ്ഞാറയില്‍ കുടുംബത്തിലെ ഇളംതലമുറക്കാരനായ ഹരീഷ് കുറുപ്പാണ് ഇപ്പോള്‍ പ്രധാനമായും രംഗത്തുള്ളത്. മേലാറ്റൂരിലും അലനല്ലൂരിലുമുള്ള ബന്ധുക്കളും ക്ഷേത്രകല അനുഷ്ഠിക്കുന്നുണ്ട്. മുത്തശ്ശനായ പി.ആര്‍.ശങ്കരക്കുറുപ്പ്, അച്ഛന്‍ കെ.ശങ്കരക്കുറുപ്പ് എന്നിവരില്‍ നിന്നാണ് ഹരീഷ് കുറുപ്പ് കളംപാട്ട് പഠിച്ചെടുത്തത്. കാളികാവ് ക്ഷേത്രത്തില്‍ 27 വര്‍ഷമായി ക്ഷേത്രകല അനുഷ്ഠിച്ച് പോരുന്നുണ്ട്.
18 മൂര്‍ത്തികള്‍ക്കാണ് കളംപാട്ട് നടത്തുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള എന്നീ അഞ്ച് നിറങ്ങള്‍ ഉപയോഗിക്കും. എണ്ണക്കറ, വാകയില, മഞ്ചാടിയില എന്നിവ ചേര്‍ത്ത് പച്ചയും മഞ്ഞള്‍പൊടിച്ച് മഞ്ഞയും മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് ചുവപ്പും ഉമി കരിച്ചു പൊടിച്ച് കറുപ്പും അരി പൊടിച്ച് വെള്ള നിറവുമുണ്ടാക്കുന്നു.
മുംബൈ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും ഹരീഷ് കളംപാട്ട് നടത്തുന്നുണ്ട്. കാളികാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി 119 ദിവസത്തെ കളംപാട്ടിന് തുടക്കമായി. ഒന്‍പതിന് തുടങ്ങിയ കളംപാട്ട് അയ്യപ്പന്റെ കളംപാട്ടോടുകൂടി ഫിബ്രവരി നാലിന് സമാപിക്കും.
Post a Comment