0
കുറ്റിപ്പുറം: ദേശീയപാതയുടെ അറ്റകുറ്റപ്പണിയില്‍ അധികൃതര്‍തന്നെ വെള്ളം ചേര്‍ക്കുന്നു. ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെയുള്ള ഓട്ടയടയ്ക്കലാണ് ദേശീയപാത 17ല്‍ നടക്കുന്നത്. അറ്റകുറ്റപ്പണിയ്ക്ക് ടെന്‍ഡര്‍ വിളിച്ചതാകട്ടെ പൊതുമരാമത്ത് റോഡിന്റെ മാതൃകയില്‍ ഓട്ടയടയ്ക്കുന്നതിനും.

ദേശീയപാതയിലെ കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള തകര്‍ന്ന ഭാഗങ്ങളില്‍ 'ലെവലിങ് കോഴ്‌സ്' ചെയ്യുന്നതിനാണ് ടെന്‍ഡര്‍ വിളിച്ചത്. ദേശീയപാതയുടെ ഡാറ്റ ഉപയോഗിച്ച് ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കുന്നതിന് പകരം പൊതുമരാമത്ത് റോഡിന്റെ ഡാറ്റ ഉപയോഗിച്ച് ലെവലിങ് കോഴ്‌സ് നടത്തിയാല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ റോഡ് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ ടാര്‍ ഉപയോഗിച്ചുള്ള പ്രൈമറികോട്ടിങ് പതിവില്ല. ദേശീയപാതയില്‍ ടാര്‍ ഉപയോഗിച്ച് പ്രൈമറികോട്ടിങ് നടത്തണമെന്നാണ് ചട്ടം. ടാര്‍ ലാഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ ടെണ്ടര്‍ വിളിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു മീറ്റര്‍ ദൂരം ടാര്‍ ചെയ്യുമ്പോള്‍ എട്ട് കിലോയോളം ടാര്‍ ലാഭിക്കാനാകുമെന്നാണ് കരാറുകാര്‍ പറയുന്നത്. എന്നാല്‍, ഇത്തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ റോഡ് പെട്ടെന്ന് തകരാന്‍ കാരണമാകും. കുഴികള്‍ വൃത്തിയാക്കിയശേഷം അടിയില്‍ ടാര്‍ ഉപയോഗിക്കാതെ കരിങ്കല്‍പതിക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. ഇത് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടും.

ദേശീയപാതയില്‍ കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള 23 കിലോമീറ്ററോളം ദൂരത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇത്രയും കുറച്ച് ദൂരമേ ഉള്ളൂവെന്നിരിക്കെ 15 ഭാഗങ്ങളായി തിരിച്ചാണ് ടെന്‍ഡര്‍ നല്‍കിയത്. ഇത് കരാറുകാരുമായുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുണ്ട്. നേരത്തെ തകര്‍ന്ന ഭാഗങ്ങള്‍ മൂന്ന് ഭാഗങ്ങളായി തിരിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് 15 ലക്ഷം രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കിയതാണ്. ഇതിന്റെ പണി തുടങ്ങുന്നതിന് മുമ്പാണ് 15 ഭാഗങ്ങളായി തിരിച്ച് വീണ്ടും ടെന്‍ഡര്‍ വിളിച്ചത്.

ടെന്‍ഡര്‍ നല്‍കിയവയില്‍ ചില ഭാഗങ്ങളില്‍ ഇതിനോടകം ഓട്ടയടയ്ക്കല്‍ തുടങ്ങി. 15 ലക്ഷം രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കിയ ഭാഗത്ത് എങ്ങനെയാണ് അറ്റകുറ്റപ്പണി നടത്തുകയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചമ്രവട്ടം പാലംകൂടി ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദേശീയപാതയുടെ തകര്‍ച്ചമൂലം ദുരിതമനുഭവിക്കുന്നത്.

Post a Comment

 
Top