0



തൊഴിലാളി പ്രശ്‌നം തീരുമാനമായില്ല

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പ്പറേഷന്റെ പാചകവാതകം നിറയ്ക്കല്‍ പ്ലാന്റിലെ കരാര്‍തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ചയും പ്ലാന്റ് പ്രവര്‍ത്തിച്ചില്ല. കരാര്‍തൊഴിലാളികളുടെ വേതനവര്‍ധനവ് സംബന്ധിച്ച പ്രശ്‌നത്തില്‍ ബുധനാഴ്ചയും ചര്‍ച്ച നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചയില്‍ കരാറുകാരനുപകരം സൂപ്പര്‍വൈസര്‍ ആണ് പങ്കെടുത്തത്. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനായില്ല.

വ്യാഴാഴ്ച ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും. രണ്ടാംദിവസവും വാതകവിതരണം മുടങ്ങിയതോടെ പല ഏജന്‍സികളിലും സിലിന്‍ഡര്‍ ലഭിക്കാത്ത സ്ഥിതിയാണ്. രണ്ടുദിവസങ്ങളിലായി നൂറോളം ലോഡ് സിലിന്‍ഡറുകള്‍ വിവിധ ഏജന്‍സികളിലേക്ക് വിതരണത്തിന് അയക്കേണ്ടതുണ്ട്. ഇത് പാടെ മുടങ്ങിയിരുന്നു.

കരാര്‍തൊഴിലാളികള്‍ പ്ലാന്റിനുള്ളില്‍ ബുധനാഴ്ച രാവിലെ പ്രവേശിച്ചെങ്കിലും ജോലിചെയ്യാനാകാതെ നില്‍ക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നും സിലിന്‍ഡറുകളുമായെത്തിയ ലോറികള്‍ പ്ലാന്റിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബുധനാഴ്ചയും വാതകം നിറയ്ക്കല്‍ മുടങ്ങുകയാണെങ്കില്‍ മലബാറില്‍ മിക്കയിടങ്ങളിലും പാചകവാതകക്ഷാമം ഉണ്ടാവും. അതിനാലാണ് എല്ലാ കാര്യങ്ങള്‍ക്കും പ്രശ്‌നപരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയത്.

Post a Comment

 
Top