0

കാളികാവ്: മലയോര ഗ്രാമങ്ങളില്‍ ചുമമരുന്നും കോളയും ചേര്‍ത്ത മിശ്രിതം ലഹരിക്കുവേണ്ടി ഉപയോഗിക്കുന്നതായി സൂചന. കാളികാവിനും വണ്ടൂരിനുമിടയിലുള്ള കറുത്തേനിയില്‍ ഒരു കമ്പനിയുടെ ചുമമരുന്നിന്റെ ഒഴിഞ്ഞ കുപ്പികള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് മനസ്സിലായത്. ചുമമരുന്നിന്റെ കുപ്പികള്‍ക്കൊപ്പം കോളയുടെ കുപ്പികളും കിട്ടിയിട്ടുണ്ട്. വിദ്യാര്‍ഥികളേയും യുവാക്കളേയും ലഹരിക്കടിപ്പെടുത്തുന്നതിനാണ് വ്യാജ ലഹരിപാനീയത്തിന്റെ നിര്‍മാണമെന്ന് നാട്ടുകാര്‍ പറയുന്നു. 

74 രൂപയുടെ ചുമമരുന്നും 30 രൂപയുടെ പാനീയവും ചേര്‍ത്തതാണ് ലഹരിമിശ്രിതം. വീര്യംകൂട്ടാന്‍ പാനീയത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തുന്നതായും സംശയിക്കുന്നു. 'കൊഡീന്‍' എന്ന രാസപദാര്‍ഥം അടങ്ങിയതാണ് ഈ പ്രത്യേക ചുമമരുന്ന്. മയക്കുമരുന്നിന്റെ സ്വഭാവമുള്ളതാണ് ഇത്. ഡോക്ടര്‍മാര്‍ ഈ മരുന്ന് അധികം നിര്‍ദേശിക്കാറില്ലെന്ന് പറയുന്നു. വൃക്ക ഉള്‍പ്പെടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് 'കൊഡീന്‍' കലര്‍ന്ന ചുമമരുന്ന്. 

2012 ജൂണില്‍ വിപണിയിലെത്തിയ 50-ല്‍പ്പരം മരുന്നു കുപ്പികളാണ് കണ്ടെടുത്തിട്ടുള്ളത്. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെയാണ് ലഹരിസംഘം മരുന്ന് സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണമില്ലാത്ത ലഹരിപാനീയമെന്ന രീതിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പോലും സംഘം വലയിലാക്കുന്നുണ്ടെന്ന പരാതിയുണ്ട്.

Post a Comment

 
Top