0
തിരൂര്‍: നിര്‍ദിഷ്ട 'തുഞ്ചത്ത് എഴുത്തച്ഛന്‍' മലയാളം സര്‍വകലാശാല തുടങ്ങാനായി കെട്ടിടം വാടകയ്ക്ക് എടുക്കാന്‍ സാധ്യത. നവംബര്‍ ഒന്നിന് താത്കാലികമായി തിരൂര്‍ തുഞ്ചന്‍ സ്മാരക കോളേജിലെ ഒഴിഞ്ഞ മുറികളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനോട് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ആതവനാട്ടോ മറ്റോ വാടകക്കെട്ടിടം കണ്ടെത്താന്‍ നീക്കമുണ്ട്.

സര്‍വകലാശാലയുടെ സ്ഥിരം കെട്ടിടം നിര്‍മിക്കുക ആതവനാട് പഞ്ചായത്തിലായിരിക്കും. ആതവനാട് പഞ്ചായത്തില്‍ മാല്‍ക്കോ ടെക്‌സിന് സമീപം 100 ഏക്കര്‍ ഭൂമി അക്വയര്‍ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. വെട്ടം പഞ്ചായത്തില്‍ സര്‍വകലാശാലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കലോ പ്രതിഷേധമോ ഇല്ലാത്ത ആതവനാട്ട് സര്‍വകലാശാല തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ഭൂമി അക്വിസിഷന്‍ നടത്താനുള്ള ചുമതയുള്ള കമ്മിറ്റി ആതവനാട്ടെ ഭൂമി ഏറ്റെടുക്കാന്‍ വേണ്ട നടപടിക്ക് അംഗീകാരം നല്‍കി. അക്വിസിഷന്‍ നടപടി തുടങ്ങാന്‍ കളക്ടര്‍ എം.സി. മോഹന്‍ദാസിന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലമുടമകളില്‍നിന്ന് ഭൂമിയുടെ വില സംബന്ധിച്ച് കളക്ടര്‍ ചര്‍ച്ചനടത്തി സ്ഥലം ഏറ്റെടുക്കും. കഴിഞ്ഞദിവസം റവന്യൂവകുപ്പുദ്യോസ്ഥര്‍ ആതവനാട്ടെ സ്ഥലം പരിശോധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആതവനാട്ട് തര്‍ക്കമില്ലാത്ത ഭൂമിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്വിസിഷന്‍ നടപടി ദ്രുതഗതിയിലാക്കിയത്. യൂണിവേഴ്‌സിറ്റി പ്രഖ്യാപനം മന്ത്രിസഭാ അംഗീകാരത്തിനുശേഷം ഓര്‍ഡിനന്‍സിന് വേണ്ടി ഗവര്‍ണര്‍ക്ക് ശുപാര്‍ശചെയ്യും.

തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളേജിന്റെ ഒഴിഞ്ഞ മുറികളില്‍ സര്‍വകലാശാല തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ സി.പി.എം ഏരിയാകമ്മിറ്റി രംഗത്തുവന്നതോടെ ഈ തീരുമാനം മാറ്റി. സര്‍വകലാശാല ആതവനാട്ടോ മറ്റോ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്. ആരെയും എതിര്‍ത്ത് തോല്പിച്ച് സര്‍വകലാശാല തുടങ്ങാന്‍ താത്പര്യമില്ലെന്നും തുഞ്ചന്‍ കോളേജില്‍ സര്‍വകലാശാല താത്കാലികമായി പ്രവര്‍ത്തനം തുടങ്ങുന്നതിന് കോളേജ് അധികൃതരോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഇത് മാനിക്കുമെന്നും സര്‍വകലാശാല മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിയെടുക്കേണ്ടിവരുമെന്നും സര്‍വകലാശാല സ്‌പെഷല്‍ ഓഫീസര്‍ കെ. ജയകുമാര്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം നേരത്തെ നിശ്ചയിച്ചപോലെ ഈമാസം 21ന് തിരൂരില്‍ നടത്തുമെന്നും ജയകുമാര്‍ പറഞ്ഞു.

Post a Comment

 
Top