0



മലപ്പുറം: മുറ്റത്തുനിന്ന് ടെറസിലേക്ക് പടര്‍ന്ന കുമ്പളവള്ളിയില്‍ ആദ്യം തോന്നിയത് കൗതുകമായിരുന്നു. പിന്നെ അതില്‍ ഒരുപാട്ജീവിതങ്ങളുണ്ടെന്ന തിരിച്ചറിവ്. പൂമ്പാറ്റ മുതല്‍ പുല്‍ച്ചാടി വരെ. അതോടെ പ്രതാപ് ജോസഫ് എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകളില്‍ അത് പതിഞ്ഞുതുടങ്ങി. ഒന്നുംരണ്ടുമല്ല. ആറ് മാസത്തിനിടെ ആറായിരം ചിത്രങ്ങള്‍. വായുവില്‍ വഴിതേടി വളരുന്ന ഇളംപച്ചനിറമുള്ള കുമ്പളവള്ളികള്‍. അതില്‍ വിരുന്നെത്തുന്ന ജീവജാലങ്ങള്‍ തുടങ്ങി വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഒട്ടേറെ ഫ്രെയ്മുകള്‍.

ഈ ഫോട്ടോകളില്‍നിന്ന് തിരഞ്ഞെടുത്ത 130 ചിത്രങ്ങളുടെ പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുകയാണ് പ്രതാപ് ജോസഫ്. 'ഒരു കുമ്പളവള്ളിയുമൊത്തുള്ള എന്റെ ജീവിതം' എന്ന പേരിലാണ് ഫോട്ടോപ്രദര്‍ശനം നടത്തുന്നത്. ഫോട്ടോയുടെ ലേസര്‍പ്രിന്റുകളും ഇവിടെ വില്പനയ്ക്കുണ്ട്.കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കൂടംകുളത്തെ ആണവോര്‍ജ്ജവിരുദ്ധ പോരാളികള്‍ക്കുമാണ് ഈ ഫോട്ടോപ്രദര്‍ശനം സമര്‍പ്പിച്ചിട്ടുള്ളതെന്ന് പ്രതാപ് ജോസഫ് പറഞ്ഞു.

എഴുത്തുകാരന്‍ കൂടിയായ പ്രതാപ് ജോസഫ് ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും തയ്യാറാക്കിയിട്ടുണ്ട്. ഫോട്ടോക്ലബ് ഫോട്ടോഗ്രാഫി അവാര്‍ഡും നേടിയിട്ടുണ്ട്. മഞ്ചേരിയില്‍ ലൈറ്റ് സോഴ്‌സ് സ്‌ക്കൂള്‍ഓഫ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്നപേരില്‍ സ്ഥാപനവും നടത്തുന്നു. കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങിയ ഫോട്ടോ പ്രദര്‍ശനം ഒക്ടോബര്‍ 28 വരെ നീളും. രാവിലെ 10.30 മുതല്‍ 7വരെയാണ് പ്രദര്‍ശന സമയം.

Post a Comment

 
Top