0


പെരിന്തല്‍മണ്ണ: സ്‌കൂള്‍ പരിസരത്ത് മാലിന്യം തള്ളുന്നതുമൂലമുള്ള ദുര്‍ഗന്ധം അസഹനീയമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങി. മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യം സ്‌കൂള്‍ പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ നടപടിയാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് നഗരസഭാ കാര്യാലയം ഉപരോധിച്ചത്.

സ്‌കൂള്‍ വളപ്പില്‍ തന്നെയുള്ള പഴയ കെട്ടിടത്തിന് സമീപമാണ് മത്സ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ക്ലാസ് മുറിയിലിരിക്കാനാവാത്ത സ്ഥിതിയായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. മാര്‍ക്കറ്റിലൂടെ പ്രകടനമായെത്തിയ വിദ്യാര്‍ത്ഥികള്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഒരു മണിക്കൂറോളം കവാടം വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. തുടര്‍ന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശ്രീധരന്‍, നിഷി അനില്‍രാജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മാര്‍ക്കറ്റിലെ മാലിന്യം വ്യാപാരികള്‍ തന്നെ സംസ്‌കരിക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ ഇവിടെനിന്ന് മാലിന്യം എടുക്കുന്നത് നിര്‍ത്തിയിരുന്നു.

അതേസമയം മത്സ്യമാര്‍ക്കറ്റിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഏഴുദിവസത്തെ സമയപരിധിയില്‍ നോട്ടീസ് നല്‍കിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നോട്ടീസിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വ്യാപാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സെക്രട്ടറി അറിയിച്ചു. പഴയ സെന്‍ട്രല്‍ സ്‌കൂള്‍ വളപ്പിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ സ്‌കൂള്‍ കെട്ടിടത്തിന്റെ പൊളിഞ്ഞ ഭാഗങ്ങള്‍ ശരിയാക്കുന്നതിനും പ്രവേശന കവാടം മതില്‍കെട്ടി സംരക്ഷിക്കുന്നതിനും നഗരസഭാ എന്‍ജിനിയറിങ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

Post a Comment

 
Top