0
വണ്ടൂര്‍: ജില്ലയില്‍ വ്യാജമരുന്നുകള്‍ വില്‍പ്പന നടത്തുന്നതിന് പ്രധാന കാരണം ഡോക്ടര്‍മാരുടെയും മരുന്ന്കമ്പനികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണെന്നാക്ഷേപം. മരുന്ന് കമ്പനികളുടെ പ്രതിനിധികളുമായി ഡോക്ടര്‍മാരുടെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കമ്പനികളുടെ മരുന്ന് എഴുതുകവഴി ലക്ഷങ്ങളാണ് മരുന്ന് കമ്പനികള്‍ കൊയ്യുന്നത്.

ഒരു രോഗത്തിന് വിവിധ കമ്പനികളുടെ മരുന്നുകള്‍ വിപണിയിലുണ്ടാകുമ്പോഴും പ്രത്യേക കമ്പനിയുടെ മരുന്നുകള്‍മാത്രം വില്‍പ്പന നടത്തുന്നത് ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ്.ഡോക്ടര്‍മാരുടെ കുറിപ്പിനനുസരിച്ചാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ കമ്പനികളുടെ മരുന്നുകള്‍ വില്‍പ്പനയ്ക്ക് വെക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുക്കുമെന്നതിനാല്‍ സ്റ്റിക്കര്‍ മാറ്റിവെച്ച് വില്‍പ്പന നടത്തേണ്ട ആവശ്യം മെഡിക്കല്‍ സ്റ്റോറുകള്‍ക്കില്ല. 

അതേസമയം കമ്പനിയും മൊത്ത വിതരണ ഏജന്‍സികളുമാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ സ്റ്റിക്കര്‍ മാറ്റി വില്‍പ്പന നടത്തുന്നത്‌കൊണ്ട് നേട്ടമുണ്ടാക്കുന്നത്.വിട്ടുമാറാത്ത പനിപോലുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നാണ് നിലമ്പൂരില്‍ വ്യാജ സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തിയത്. സെഫ്ട്രിയാക്‌സണ്‍ ഒരുഗ്രാം ഇഞ്ചക്ഷന്‍, സല്‍ബാക്ടം 500 മില്ലി ഗ്രാം എന്നീ മരുന്നുകളാണ് സ്റ്റിക്കര്‍ മാറ്റി ഇവിടത്തെ വിവിധ കടകളില്‍ വില്‍പ്പന നടത്തിയത്. നൂറിലേറെ രൂപ വിലയുള്ള ഈ മരുന്നുകള്‍ വ്യാപകമായ തോതിലാണ് നിലമ്പൂരില്‍ വിറ്റഴിച്ചത്. സെഫ്ട്രിയാക്‌സണ്‍ ഒരു ഗ്രാം ഇഞ്ചക്ഷന്‍, സല്‍ബാക്ടം 500 മില്ലി ഗ്രാം മരുന്നും പുറത്തിറക്കുന്ന ഇരുപതിലേറെ കമ്പനികള്‍ സംസ്ഥാനത്തുണ്ട്. പിന്നെ എന്തുകൊണ്ടാണ് തൃശ്ശൂരിലെ ഒരു കമ്പനിയുടെ മരുന്ന് മാത്രം ഇത്രയേറെ വില്‍ക്കുന്നത് എന്ന ചോദ്യം മരുന്നുകമ്പനികളും ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടിയിലെ അവ്യക്തമായ ഇംഗ്ലീഷ് ഭാഷ മനസ്സിലാകാന്‍ സാധിക്കാത്തതും രോഗികള്‍ തട്ടിപ്പിന് വിധേയരാകാന്‍ കാരണമാകുന്നു. നിര്‍ദേശിച്ചത് ഏത് മരുന്നാണെന്ന് വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്ത വിധത്തിലാണ് നിരവധി ഡോക്ടര്‍മാര്‍ തങ്ങളുടെ മരുന്ന് എഴുതിക്കൊടുക്കുന്നത്.

Post a Comment

 
Top